Home Education ചന്ദ്രനിലേക്ക് ഇനി പെൺകരുത്ത്; ആർട്ടെമിസ് ദൗത്യത്തിലൂടെ ചരിത്രം കുറിക്കാൻ ക്രിസ്റ്റീന കോക്ക്

ചന്ദ്രനിലേക്ക് ഇനി പെൺകരുത്ത്; ആർട്ടെമിസ് ദൗത്യത്തിലൂടെ ചരിത്രം കുറിക്കാൻ ക്രിസ്റ്റീന കോക്ക്

8
0

അമ്പിളിമാമനെ തൊടാൻ മനുഷ്യൻ നടത്തിയ യാത്രകളിലെല്ലാം ഇതുവരെ പുരുഷൻമാരുടെ പാദമുദ്രകൾ മാത്രമാണ് പതിഞ്ഞിട്ടുള്ളത്. എന്നാൽ ആ പതിവ് തിരുത്തിക്കുറിക്കാൻ ഒരുങ്ങുകയാണ് നാസയുടെ ആർട്ടെമിസ് 2 ദൗത്യം. ലോകം ഉറ്റുനോക്കുന്ന ഈ ചരിത്രയാത്രയിൽ ചന്ദ്രനിലേക്ക് പറക്കുന്ന ആദ്യ വനിതയെന്ന റെക്കോർഡ് അമേരിക്കൻ എൻജിനീയറും ബഹിരാകാശ സഞ്ചാരിയുമായ ക്രിസ്റ്റീന കോക്ക് സ്വന്തമാക്കും.

നോർത്ത് കാരലൈന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിലും ഭൗതികശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം നേടിയ ക്രിസ്റ്റീന, വെല്ലുവിളികൾ നിറഞ്ഞ അന്റാർട്ടിക്കയിലെയും ഗ്രീൻലൻഡിലെയും ഗവേഷണങ്ങൾക്ക് ശേഷമാണ് നാസയുടെ ഭാഗമായത്. 2013-ൽ ബഹിരാകാശ സഞ്ചാരിയായി തിരഞ്ഞെടുക്കപ്പെട്ട അവർ 2019-ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. തുടർച്ചയായി 328 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് ഏറ്റവും കൂടുതൽ കാലം അവിടെ കഴിഞ്ഞ വനിതയെന്ന റെക്കോർഡും ക്രിസ്റ്റീനയുടെ പേരിലുണ്ട്.ആറ് തവണയായി 42 മണിക്കൂറിലധികം ബഹിരാകാശ നടത്തം (സ്പേസ് വോക്ക്) നടത്തിയ പരിചയസമ്പത്തും ഇവർക്കുണ്ട്.

2019 ഒക്ടോബറിൽ ജെസീക്ക മെയറിനൊപ്പം ചേർന്ന് വനിതകൾ മാത്രമുള്ള ആദ്യത്തെ ബഹിരാകാശ നടത്തം പൂർത്തിയാക്കി ക്രിസ്റ്റീന ലോകത്തെ ഞെട്ടിച്ചിരുന്നു.

ഇപ്പോൾ ആർട്ടെമിസ് 2 ദൗത്യത്തിലൂടെ വീണ്ടുമൊരു വിസ്മയമാകാൻ ഒരുങ്ങുകയാണ് ഈ ബഹിരാകാശ ഇതിഹാസം.