മലയാള സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ റിലീസിന് ഒരുങ്ങവേ അപ്രതീക്ഷിതമായ നിയമക്കുരുക്കിൽ. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ തങ്ങൾക്കാണെന്ന് അവകാശപ്പെട്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ രംഗത്തെത്തിയതോടെയാണ് സിനിമാ വൃത്തങ്ങളിൽ ചർച്ചകൾ കൊഴുക്കുന്നത്.
മെയ് 21-ന് നിശ്ചയിച്ചിരിക്കുന്ന റിലീസിന് മാസങ്ങൾ ബാക്കിനിൽക്കെ, സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട കുറിപ്പിലൂടെയാണ് ആമസോൺ പ്രൈം തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.
ആശിർവാദ് സിനിമാസുമായി നേരത്തെ ഒപ്പിട്ട കരാർ പ്രകാരം ചിത്രത്തിന്റെ എക്സ്ക്ലൂസീവ് ഡിജിറ്റൽ അവകാശങ്ങൾ തങ്ങളിൽ നിക്ഷിപ്തമാണെന്ന് ആമസോൺ പ്രൈം പ്രസ്താവനയിൽ പറയുന്നു. ഇതുകൂടാതെ എസ്‌വിഒഡി, ടിവിഒഡി തുടങ്ങി എല്ലാ ഡിജിറ്റൽ വിഭാഗങ്ങളിലുമുള്ള റൈറ്റുകൾ തങ്ങൾക്കുണ്ടെന്നും, തങ്ങളുടെ അനുമതിയില്ലാതെ മറ്റൊരു കക്ഷിയുമായി കരാറിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമാണെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
നിർമ്മാതാക്കൾക്ക് ഇനി ഈ അവകാശങ്ങൾ വിൽക്കാൻ അധികാരമില്ലെന്നും ഇതിൽ ലംഘനം നടത്തിയാൽ നിയമനടപടികൾ സ്വീകരിക്കുമെന്നും ആമസോൺ അറിയിച്ചു.
ദൃശ്യം 3-ന്റെ ഹിന്ദി പതിപ്പിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസ് മലയാളം പതിപ്പിന്റെ ആഗോള വിതരണാവകാശവും ഡിജിറ്റൽ അവകാശവും വാങ്ങിയെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ പ്രതിരോധിക്കാനാണ് ആമസോൺ പ്രൈം ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് എന്നാണ് സൂചന. പനോരമ സ്റ്റുഡിയോസുമായി സഹകരിക്കുന്നതിനെക്കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പെൻ സ്റ്റുഡിയോസും നേരത്തെ സംസാരിച്ചിരുന്നുവെങ്കിലും ഡിജിറ്റൽ അവകാശത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അവ്യക്തത ആരാധകരെ ആശങ്കയിലാക്കുന്നുണ്ട്.
ഈ തർക്കത്തെക്കുറിച്ച് ആശിർവാദ് സിനിമാസോ പനോരമ സ്റ്റുഡിയോസോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ, കൊവിഡ് കാലത്ത് ഒടിടിയിൽ നേരിട്ട് റിലീസ് ചെയ്ത ‘ദൃശ്യം 2’ ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തുന്നുണ്ട്.
മോഹൻലാലിന്റെ ജന്മദിനമായ മെയ് 21-ന് ദൃശ്യം 3 തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ ഉണ്ടായ ഈ പുതിയ വിവാദം സിനിമയുടെ ആഗോള റിലീസിനെ ബാധിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.






