ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 5.25 ശതമാനത്തിൽ തന്നെ നിലനിർത്താൻ പണനയ നിർണയ സമിതി ഐക്യകണ്ഠേന തീരുമാനിച്ചതായി ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.
സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങുന്ന ‘ന്യൂട്രൽ’ നിലപാടാണ് ബാങ്ക് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകൾ എടുത്തവർക്കും പുതുതായി വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്കും അടുത്ത രണ്ട് മാസത്തേക്ക് പലിശഭാരം കൂടില്ലെന്നത് വലിയ ആശ്വാസമായി.
അതേസമയം, രാജ്യാന്തര തലത്തിലെ വെല്ലുവിളികളെക്കുറിച്ച് ഗവർണർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധന, ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ എന്നിവ ആഗോള സമ്പദ്‌വ്യവസ്ഥയെ തളർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്.
പണപ്പെരുപ്പ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ വരും മാസങ്ങളിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോള വിപണിയിലെ മാറ്റങ്ങളെത്തുടർന്ന് സ്വർണവിലയിൽ കുറവുണ്ടായതായും ഓഹരി വിപണികളിൽ ഇടിവ് രേഖപ്പെടുത്തിയതായും ആർബിഐ വിലയിരുത്തി. പലിശ നിരക്ക് ഭാവിയിൽ വർധിച്ചേക്കുമെന്ന നിഗമനത്തെത്തുടർന്ന് കടപ്പത്ര ആദായനിരക്ക് ഉയർന്നിട്ടുണ്ട്. സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് തന്നെ പണപ്പെരുപ്പം നിയന്ത്രിക്കാനാണ് വരും ദിവസങ്ങളിൽ റിസർവ് ബാങ്ക് മുൻഗണന നൽകുന്നത്.





