Home Entertainment മൃഗരൂപത്തിൽ വിസ്മയിപ്പിക്കാൻ അല്ലു അർജുൻ; അറ്റ്‌ലീ ചിത്രത്തിന് ‘രാക്ക’ എന്ന് പേരിട്ടു

മൃഗരൂപത്തിൽ വിസ്മയിപ്പിക്കാൻ അല്ലു അർജുൻ; അറ്റ്‌ലീ ചിത്രത്തിന് ‘രാക്ക’ എന്ന് പേരിട്ടു

33
0

ആരാധകരെ മുൾമുനയിൽ നിർത്തുന്ന പുത്തൻ ഗെറ്റപ്പുമായി ഐക്കൺ സ്റ്റാർ അല്ലു അർജുൻ വീണ്ടും എത്തുന്നു. പ്രശസ്ത സംവിധായകൻ അറ്റ്‌ലീയും അല്ലു അർജുനും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു.

താരത്തിന്റെ 44-ാം ജന്മദിനത്തോടനുബന്ധിച്ചാണ് സിനിമാ ലോകം കാത്തിരുന്ന ഈ വമ്പൻ അപ്‌ഡേറ്റ് അണിയറപ്രവർത്തകർ പങ്കുവെച്ചത്. രാക്ക എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

നേരത്തെ ‘AA22 x A6’ എന്ന് താത്കാലികമായി വിശേഷിപ്പിച്ചിരുന്ന ഈ ചിത്രം ടൈറ്റിൽ പ്രഖ്യാപനത്തോടെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

മനുഷ്യനും മൃഗവും ചേർന്ന മട്ടിലുള്ള ഭീതിപ്പെടുത്തുന്ന ലുക്കിലാണ് താരം പോസ്റ്ററിലുള്ളത്. കഷണ്ടി കയറിയ തലയും വന്യമൃഗങ്ങളുടേതിന് സമാനമായ വിരലുകളും നഖങ്ങളുമായി നിൽക്കുന്ന അല്ലു അർജുന്റെ രൂപം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ വേഷപ്പകർച്ചയായിരിക്കും ഇതെന്നാണ് സൂചന.

ബോളിവുഡ് താരം ദീപിക പദുകോണാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. അറ്റ്‌ലീയുടെ മുൻ ചിത്രമായ ‘ജവാൻ’ എന്ന സിനിമയ്ക്ക് ശേഷം ദീപിക വീണ്ടും അദ്ദേഹത്തിന്റെ പ്രൊജക്റ്റിൽ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രം സാങ്കേതികമായി ഏറെ മുന്നിട്ടുനിൽക്കുന്ന ഒന്നായിരിക്കും.

ഹോളിവുഡിലെ പ്രമുഖ വിഎഫ്എക്സ് സ്റ്റുഡിയോകളാണ് രാക്കയുടെ ദൃശ്യവിസ്മയങ്ങൾക്കായി അണിനിരക്കുന്നത്. അല്ലു അർജുന്റെ 22-ാമത്തെയും അറ്റ്‌ലീയുടെ ആറാമത്തെയും ചിത്രമാണിത്. ഗംഭീര മേക്കോവറും അറ്റ്‌ലീയുടെ മേക്കിംഗും ചേരുമ്പോൾ ‘രാക്ക’ ഇന്ത്യൻ സിനിമയിലെ മറ്റൊരു നാഴികക്കല്ലാകുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.