Home Education അപ്പോളോയുടെ റെക്കോർഡ് പഴങ്കഥ;ചന്ദ്രന്റെ അജ്ഞാത ലോകം കീഴടക്കി ആർട്ടെമിസ് 2 സംഘം

അപ്പോളോയുടെ റെക്കോർഡ് പഴങ്കഥ;ചന്ദ്രന്റെ അജ്ഞാത ലോകം കീഴടക്കി ആർട്ടെമിസ് 2 സംഘം

14
0

അർദ്ധശതാബ്ദത്തിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ചന്ദ്രന്റെ മറുപുറം കണ്ട് മനുഷ്യൻ ചരിത്രം കുറിച്ചു. നാസയുടെ ആർട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായ ഒറയോൺ പേടകം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് സന്ദേശമയച്ചതോടെ ബഹിരാകാശ ഗവേഷണത്തിൽ പുതിയൊരു അധ്യായം പിറന്നു.

1970-ൽ അപ്പോളോ 13 ദൗത്യം സ്ഥാപിച്ച റെക്കോർഡ് മറികടന്ന്, ഭൂമിയിൽ നിന്നും ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന ഖ്യാതി ഇപ്പോൾ ഈ നാലംഗ സംഘത്തിന് സ്വന്തമായിരിക്കുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 4.37-ഓടെയാണ് ഭൂമിയിൽ നിന്നും 4,06,771 കിലോമീറ്റർ അകലെ എത്തി ഒറയോൺ പുതിയ ചരിത്രം കുറിച്ചത്.

ചന്ദ്രന്റെ അതിശക്തമായ ഗുരുത്വാകർഷണ വലയത്തിലേക്ക് പ്രവേശിച്ച പേടകം, ഉപഗ്രഹത്തിന്റെ ഏറ്റവും അടുത്തുകൂടി കടന്നുപോയത് പുലർച്ചെ 4.32-നാണ്. ഈ യാത്രാമധ്യേ ചന്ദ്രന്റെ പിന്നിലെ നിഗൂഢ മേഖലയിലേക്ക് പ്രവേശിച്ചതിനാൽ ഏകദേശം നാൽപ്പത് മിനിറ്റോളം ഭൂമിയുമായുള്ള ആശയവിനിമയം പൂർണ്ണമായും നിലച്ചു.

നിശബ്ദതയുടെ ആ നിമിഷങ്ങൾക്കൊടുവിൽ ക്രിസ്റ്റീന കുക്കാണ് ഭൂമിയിലേക്ക് ആദ്യ സന്ദേശമയച്ചത്. ചന്ദ്രന്റെ മറുപുറത്ത് നിന്നുള്ള മനോഹരമായ ചന്ദ്രോദയവും അസ്തമയവും നേരിട്ടു കണ്ട സംഘം, 1972-ന് ശേഷം ചന്ദ്രന്റെ സ്വാധീനമേഖലയിൽ എത്തുന്ന ആദ്യ മനുഷ്യരായി മാറി.

വിജയകരമായ പര്യവേഷണത്തിന് ശേഷം സംഘം ഇപ്പോൾ ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. ദൗത്യത്തിന്റെ ഏഴാം ദിവസം അവസാനിക്കുന്നതോടെ ഒറയോൺ പേടകം ഭൂമി ലക്ഷ്യമാക്കി നീങ്ങും. എട്ടാം ദിവസം പൈലറ്റിന്റെ പൂർണ്ണ നിയന്ത്രണത്തിലാകുന്ന പേടകം പത്താം ദിവസം ഭൂമിയിൽ സുരക്ഷിതമായി തിരിച്ചിറങ്ങും. Q

ബഹിരാകാശ പര്യവേഷണത്തിൽ അമേരിക്കയുടെ കരുത്ത് തെളിയിക്കുന്ന ഈ ദൗത്യം വരും തലമുറകൾക്ക് വലിയൊരു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്.