ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഇന്ന് ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുന്നത് തീപാറും പോരാട്ടമാണ്. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തിൽ തുടർച്ചയായ വിജയങ്ങൾ ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇറങ്ങുമ്പോൾ, ഈ സീസണിലെ ആദ്യ വിജയം തേടിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മൈതാനത്തെത്തുന്നത്. ഡൽഹിക്കെതിരെ നേടിയ ഐതിഹാസിക വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് നിലവിൽ ചെന്നൈ ടീം.
സിഎസ്‌കെ ജഴ്‌സിയിലെ തന്റെ ആദ്യ സെഞ്ച്വറിയിലൂടെ ഫോമിലേക്ക് ഉയർന്ന സഞ്ജുവിനെ തളയ്ക്കുക എന്നതാകും കൊൽക്കത്തയുടെ പ്രധാന ലക്ഷ്യം. സഞ്ജുവിനെതിരെ മികച്ച റെക്കോർഡുള്ള സുനിൽ നരെയ്നെ പവർ പ്ലേയിൽ തന്നെ പന്തേൽപ്പിച്ച് സഞ്ജുവിനെ തുടക്കത്തിലേ പുറത്താക്കാൻ കൊൽക്കത്ത തന്ത്രങ്ങൾ മെനഞ്ഞേക്കാം. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം വെച്ച് നോക്കുമ്പോൾ ചെപ്പോക്കിലെ കറുത്ത മണ്ണിൽ ബാറ്റിംഗ് വിരുന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പേസർമാർക്ക് തുടക്കത്തിൽ ചെറിയ ആനുകൂല്യം ലഭിക്കുമെങ്കിലും ടോസ് നേടുന്നവർ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതൽ.
ചരിത്രപരമായ കണക്കുകളിൽ ചെന്നൈയ്ക്ക് മുൻതൂക്കമുണ്ടെങ്കിലും 2022-ന് ശേഷമുള്ള മത്സരങ്ങളിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്. നിലവിൽ ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിംഗ് ഫോം ടീമിന് ചെറിയ ആശങ്ക നൽകുന്നുണ്ട്. പരിക്കിൽ നിന്ന് മുക്തനായ മതീഷ പതിരണ ടീമിലെത്തുമോ എന്ന കാര്യത്തിലും എംഎസ് ധോണി ഇന്നും വിശ്രമത്തിൽ തുടരുമോ എന്ന കാര്യത്തിലും ആരാധകർക്ക് ആകാംക്ഷയുണ്ട്. മറുവശത്ത് സുനിൽ നരെയ്ൻ ഓപ്പണിംഗിലേക്ക് തിരിച്ചെത്തുന്നത് കൊൽക്കത്തയ്ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.






