കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കേരള സർക്കാർ തീരുമാനിച്ചു. പദ്ധതിയിലെ കർശനമായ ചില കരാർ വ്യവസ്ഥകളിൽ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്തിന്റെ അവകാശങ്ങളെയും അധികാരങ്ങളെയും ഹനിക്കാതെയും, സ്കൂൾ പാഠ്യപദ്ധതിയിൽ (കരിക്കുലം) പൂർണ്ണ സ്വാതന്ത്ര്യം ഉറപ്പാക്കിയുമായിരിക്കും പദ്ധതി നടപ്പിലാക്കുക.
ഈ വിഷയത്തിൽ അന്തിമ നിലപാട് സ്വീകരിക്കുന്നതിനായി ഒരു മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉപസമിതി സമർപ്പിക്കുന്ന വിശദമായ റിപ്പോർട്ടിന് ശേഷമായിരിക്കും പദ്ധതിയുമായി ബന്ധപ്പെട്ട തുടർന്നുള്ള ഔദ്യോഗിക നടപടികളിലേക്ക് സർക്കാർ കടക്കുക. മുൻ സർക്കാർ പദ്ധതിക്കായി കരാർ ഒപ്പിടുകയും അതിന്റെ ഭാഗമായി പണം കൈപ്പറ്റുകയും ചെയ്തിരുന്നുവെന്നും, അതുകൊണ്ടുതന്നെ പദ്ധതിയിൽ തുടരാൻ നിലവിലെ സർക്കാർ നിർബന്ധിതരാവുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര നയങ്ങൾക്കെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒന്നിച്ച് നീങ്ങാനാണ് കേരളത്തിന്റെ തീരുമാനം.
ഇതോടൊപ്പം മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി.പി.എമ്മിനെതിരെയും മുഖ്യമന്ത്രി കടുത്ത രാഷ്ട്രീയ വിമർശനങ്ങൾ ഉന്നയിച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാല് സർവ്വകലാശാല വിസിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തിട്ടും അന്നത്തെ സർക്കാർ മിണ്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ സിറ്റി ബസുകളാക്കി മാറ്റിയിട്ടില്ലെന്നും സർക്കാർ വിരുദ്ധ പ്രചാരണങ്ങൾ പച്ചക്കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ സി.പി.എമ്മിന്റെ മുഖംമൂടി അഴിഞ്ഞുവീണുവെന്നും, വർഗീയ പ്രചാരണങ്ങളുടെ സത്യം പുറത്തുകൊണ്ടുവരാനാണ് കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






