ചെന്നൈ: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിനെതിരെ കർശന നിലപാടുമായി തമിഴ്‌നാട്ടിലെ പുതിയ ടിവികെ (തമിഴക വെട്രി കഴകം) സർക്കാർ. കേരളം പുതിയ അണക്കെട്ട് നിർമ്മിക്കാൻ നടത്തുന്ന നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്തുമെന്നും സർക്കാർ പ്രഖ്യാപിച്ചു. നിയമസഭയുടെ നയപ്രഖ്യാപന പ്രസംഗത്തിലാണ് വിജയ് സർക്കാർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
പരമ്പരാഗത കീഴ്‌വഴക്കങ്ങൾ പാലിച്ച് തമിഴ് തായ് വാഴ്ത്തും ദേശീയഗാനവും ആലപിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. എന്നാൽ വന്ദേമാതരം ആലപിച്ചില്ല. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച ഗവർണർ, ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് അടിവരയിട്ടു പറഞ്ഞു. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ തുടങ്ങിയ നേതാക്കളുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യില്ലെന്നും വ്യക്തമാക്കി.
ഡിഎംകെയ്ക്കും കേന്ദ്രത്തിനുമെതിരെ കടുത്ത വിമർശനം
മുൻ ഡിഎംകെ സർക്കാരിനെതിരെയും നയപ്രഖ്യാപനത്തിൽ കടുത്ത വിമർശനമുയർന്നു. മുൻ സർക്കാരിന്റെ കാലത്ത് മയക്കുമരുന്ന് ഒഴുക്ക് തടയാൻ കഴിഞ്ഞില്ലെന്നും ഇതാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ പെരുകാൻ കാരണമായതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ അതേ നിലപാട് തന്നെയാണ് ടിവികെ സർക്കാരിനുമുള്ളതെന്ന് നയപ്രഖ്യാപനം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ ദ്വിഭാഷാ നയം തന്നെ തുടരും. കേന്ദ്രത്തിന്റെ ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കും. കേന്ദ്ര വിഹിതം നൽകുന്നതിനെ ത്രിഭാഷാ നയവുമായി ബന്ധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കില്ലെന്നും ഗവർണർ പ്രസംഗത്തിലൂടെ വ്യക്തമാക്കി.






