Home Business അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയാൻ സാധ്യത?

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞു; ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയാൻ സാധ്യത?

9
0

ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്പുകയൊഴിഞ്ഞ് സമാധാനത്തിന്റെ പാത തെളിഞ്ഞതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ്. അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക സമാധാന കരാറിൽ ഒപ്പുവെച്ചതാണ് വിപണിക്ക് വൻ ആശ്വാസമായത്. ഇതോടെ യുദ്ധകാലത്ത് ബാരലിന് 114 ഡോളർ വരെ ഉയർന്ന ക്രൂഡ് ഓയിൽ വില കുത്തനെ താഴേക്ക് പതിച്ചു. നിലവിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 78.66 ഡോളറിലും, ഡബ്ല്യുടിഐ (WTI) ക്രൂഡ് വില 75.81 ഡോളറിലുമെത്തി. ‘ഇറാൻ മര്യാദ പാലിച്ചില്ലെങ്കിൽ വീണ്ടും ആക്രമിക്കുമെന്ന’ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെ തുടർന്ന് വിലയിൽ നേരിയ ചലനങ്ങളുണ്ടായെങ്കിലും, കരാർ യാഥാർത്ഥ്യമായതോടെ വിപണി ശാന്തമാകുകയായിരുന്നു.

ഇരുരാജ്യങ്ങളും ഒപ്പുവെച്ച 14 ഇന ധാരണാപത്രം അനുസരിച്ച് അടുത്ത 60 ദിവസത്തേക്ക് തർക്കവിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഈ കാലയളവിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം യാതൊരുവിധ നികുതികളുമില്ലാതെ അനുവദിക്കാൻ ഇറാൻ സമ്മതിച്ചിട്ടുണ്ട്. അടുത്ത 30 ദിവസത്തിനുള്ളിൽ ഈ പാതയിലൂടെയുള്ള എണ്ണ-വാതക വിതരണം പൂർണ്ണതോതിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വിപണിയിലെ എണ്ണക്ഷാമം പൂർണ്ണമായും മാറുമെന്നാണ് പ്രതീക്ഷ.

ഇറാന്റെ ആണവ പദ്ധതി പോലുള്ള സങ്കീർണ്ണമായ തർക്കങ്ങൾ ഈ താൽക്കാലിക കരാറിൽ നിന്ന് തൽക്കാലം ഒഴിവാക്കി മാറ്റിനിർത്തിയിരിക്കുകയാണ്. അതേസമയം, യുദ്ധക്കെടുതിയിലായ ഇറാന്റെ പുനരുദ്ധാരണത്തിനായി അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് 300 ബില്യൺ ഡോളറിന്റെ വൻ സാമ്പത്തിക പാക്കേജ് ഒരുക്കണമെന്ന വ്യവസ്ഥയും കരാറിലുണ്ട്. ആഗോള വിപണിയിൽ എണ്ണവില വലിയ തോതിൽ കുറഞ്ഞ സാഹചര്യത്തിൽ, രാജ്യത്ത് ഇന്ധനവില കുറയുമോ എന്നാണ് ഇനി പൊതുജനങ്ങളും വിപണിയും ഉറ്റുനോക്കുന്നത്.