Home Local തീപാറുന്ന പോരാട്ടത്തിനിടെ ‘പാകിസ്ഥാൻ’ പരാമർശം; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.കെ. നവാസ്, പോര് മുറുകുന്നു!

തീപാറുന്ന പോരാട്ടത്തിനിടെ ‘പാകിസ്ഥാൻ’ പരാമർശം; മന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.കെ. നവാസ്, പോര് മുറുകുന്നു!

19
0

താനൂരിലെ വോട്ടർമാരെ പാകിസ്ഥാൻ പരാമർശത്തിലൂടെ മന്ത്രി വി. അബ്ദുറഹ്മാൻ അപമാനിച്ചുവെന്നും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. നവാസ് ആരോപിച്ചു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം പോലെയാണ് തിരഞ്ഞെടുപ്പ് എന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെയാണ് നവാസ് രംഗത്തെത്തിയത്. എന്തുകൊണ്ടാണ് താരതമ്യത്തിന് ബംഗ്ലാദേശോ ഓസ്‌ട്രേലിയയോ കടന്നുവരാത്തതെന്നും നരേന്ദ്ര മോദിയും അമിത് ഷായും ഉപയോഗിക്കുന്ന അതേ ഭാഷയാണ് ഇടത് മന്ത്രിയും പ്രയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

താനൂരിലെ ജനങ്ങളെ ആക്ഷേപിച്ച മന്ത്രിക്ക് മാപ്പില്ലെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഇത്തരമൊരു നിലപാട് പ്രതീക്ഷിച്ചതല്ലെന്നും നവാസ് കൂട്ടിച്ചേർത്തു.

എന്നാൽ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി വി. അബ്ദുറഹ്മാൻ ഉടൻ തന്നെ രംഗത്തെത്തി. താൻ നടത്തിയ ക്രിക്കറ്റ് മത്സരത്തിന്റെ ഉപമയെ പി.കെ. നവാസിനെപ്പോലെയുള്ളവർ വളച്ചൊടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. നവാസും ലീഗിലെ മറ്റു യുവനേതാക്കളും വന്നതോടെയാണ് രാഷ്ട്രീയത്തിൽ കള്ളപ്രചാരണങ്ങൾ വർധിച്ചതെന്നും അദ്ദേഹം പരിഹസിച്ചു. തിരൂർ മണ്ഡലത്തിൽ വർഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും കളവ് പ്രചരിപ്പിക്കാൻ ലീഗ് നേതാക്കൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. മുസ്ലിം ലീഗിന്റെ ഇത്തരം കുത്സിത നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും താനൂർ വിട്ട് തിരൂരിൽ മത്സരിക്കുന്ന തനിക്ക് ജനവിധി അനുകൂലമാകുമെന്നും വി. അബ്ദുറഹ്മാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു

.