Home Politics മോഡിഫിക്കേഷനിൽ സതീശന്റെ തള്ള് നടക്കില്ല, രാഹുൽ ഗാന്ധി വന്നാലും നിയമം മാറില്ല’; ആഞ്ഞടിച്ച് ഗണേഷ് കുമാർ

മോഡിഫിക്കേഷനിൽ സതീശന്റെ തള്ള് നടക്കില്ല, രാഹുൽ ഗാന്ധി വന്നാലും നിയമം മാറില്ല’; ആഞ്ഞടിച്ച് ഗണേഷ് കുമാർ

10
0
Oplus_131072

വാഹനങ്ങളുടെ രൂപമാറ്റം സംബന്ധിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനങ്ങളെ രൂക്ഷമായി പരിഹസിച്ച് കെ.ബി. ഗണേഷ് കുമാർ രംഗത്ത്. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സുരക്ഷിതമായ രീതിയിൽ വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന സതീശന്റെ വാഗ്ദാനം പച്ചക്കള്ളമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിലവിലുള്ള മോട്ടോർ വാഹന നിയമത്തെയോ കോടതി ഉത്തരവിനെയോ മറികടക്കാൻ കേരളത്തിലെ ഒരു സർക്കാരിനും കഴിയില്ല. സതീശനല്ല, സാക്ഷാൽ രാഹുൽ ഗാന്ധി വന്നാലും ഈ കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും ഗണേഷ് കുമാർ പരിഹസിച്ചു.

സതീശൻ തള്ളിന്റെ ആശാനാണെന്നും രാഹുൽ ഗാന്ധി മുന്നോട്ടുവെക്കുന്ന അഞ്ച് ഗ്യാരണ്ടികൾ പോലെ തന്നെ യു.ഡി.എഫിന്റെ വാഗ്ദാനങ്ങൾ കേരളത്തെ നശിപ്പിക്കുന്നവയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്തനാപുരത്ത് മികച്ച ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നും വോട്ടർമാരുടെ പ്രതികരണങ്ങൾ അതാണ് സൂചിപ്പിക്കുന്നതെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. മണ്ഡലത്തിൽ കടുത്ത മത്സരമുണ്ടായിട്ടില്ലെന്നും കേരളത്തിൽ ഇടതുമുന്നണിയുടെ തുടർഭരണം ഉറപ്പാണെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പ്രതിപക്ഷ നേതാവ് കഴിഞ്ഞ അഞ്ച് വർഷം പറഞ്ഞ ഒരു കാര്യവും സത്യമായിട്ടില്ല.

വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് വെച്ചുനൽകാൻ പോലും കഴിയാത്ത കോൺഗ്രസാണോ കേരളം ഭരിക്കാൻ പോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. യു.ഡി.എഫ് ഒട്ടും വിശ്വസിക്കാൻ കൊള്ളാത്ത സംവിധാനമാണെന്നും വയനാട് പുനരധിവാസ വിഷയത്തിലെ അവരുടെ പരാജയം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ഇത്തവണ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയതെന്നും എന്നാൽ അത് അസാധാരണമായ വർദ്ധനവാണെന്ന് പറയാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. പോളിംഗിൽ വലിയ വർദ്ധനവുണ്ടാകുമ്പോൾ മാത്രമാണ് അതിനെ ഭരണവിരുദ്ധ തരംഗമായി കാണാൻ കഴിയുക. സർക്കാരിനെതിരെ ജനവികാരമൊന്നും നിലവിലില്ലെന്നും സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ പൂർണ്ണ പിന്തുണ ഇത്തവണ എൽ.ഡി.എഫിന് ലഭിച്ചിട്ടുണ്ടെന്നും പത്തനാപുരത്തെ വോട്ടർമാർ തനിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്ന് നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.