Home Newsroom എൽപിജി പ്രതിസന്ധിക്ക് പരിഹാരം:തൊഴിലാളികൾക്കുള്ള അഞ്ച് കിലോ സിലിണ്ടർ വിതരണം ഇരട്ടിയാക്കി കേന്ദ്രം

എൽപിജി പ്രതിസന്ധിക്ക് പരിഹാരം:തൊഴിലാളികൾക്കുള്ള അഞ്ച് കിലോ സിലിണ്ടർ വിതരണം ഇരട്ടിയാക്കി കേന്ദ്രം

9
0

രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക ക്ഷാമം പരിഹരിക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്രസർക്കാർ. ഇതരസംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യുന്ന അഞ്ച് കിലോ സിലിണ്ടറുകളുടെ ക്വാട്ട കേന്ദ്രം ഇരട്ടിയാക്കി വർധിപ്പിച്ചു. എൽപിജി ലഭ്യതക്കുറവ് മൂലം കുടിയേറ്റ തൊഴിലാളികൾ നഗരങ്ങളിൽ നിന്ന് കൂട്ടത്തോടെ മടങ്ങുന്നത് വ്യവസായ മേഖലയെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിലാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ.

തൊഴിലാളികൾക്ക് ആവശ്യമായ സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് പെട്രോളിയം മന്ത്രാലയം സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കർശന നിർദേശം നൽകി. തിരിച്ചറിയൽ രേഖകൾ മാത്രം ഹാജരാക്കി തൊഴിലാളികൾക്ക് ഈ സിലിണ്ടറുകൾ കൈപ്പറ്റാവുന്നതാണ്. അതേസമയം, ഈ ആനുകൂല്യം ഗാർഹിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയും കേന്ദ്രം മുന്നോട്ട് വെച്ചിട്ടുണ്ട്.

സിലിണ്ടർ വിതരണം വർധിപ്പിക്കുന്നതോടെ തൊഴിലാളികളുടെ പലായനം തടയാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്.

അതിനിടെ, എൽപിജി ഇറക്കുമതിയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങുന്നതിന്റെ ശുഭസൂചനകളും പുറത്തുവരുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ സമാധാന ചർച്ചകളെ ഇറാൻ പ്രശംസിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്ന് ഇറാൻ വ്യക്തമാക്കിയത് വലിയ ആശ്വാസമാണ്. നിലവിൽ ഈ മേഖലയിലുള്ള 16 കപ്പലുകളിൽ നാല് ഇന്ത്യൻ കപ്പലുകൾ യാത്ര തുടങ്ങാൻ തയ്യാറെടുക്കുകയാണ്.

ഏകദേശം 87,000 ടൺ എൽപിജിയാണ് ഈ കപ്പലുകളിലുള്ളത്. ഇതിനകം എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് പിന്നിട്ടതായും ഇറാൻ അംബാസിഡർ അറിയിച്ചു.