ബിഗ് സ്ക്രീനിൽ ഗൗരവമേറിയ കഥാപാത്രങ്ങളെ അനായാസം അനശ്വരമാക്കുന്ന തനിക്ക് കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യാൻ വലിയ പ്രയാസമാണെന്ന് വെളിപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. തന്റെ മുഖത്തിന് ഹാസ്യ കഥാപാത്രങ്ങൾ അത്ര കണ്ട് ഇണങ്ങില്ലെന്നാണ് തോന്നാറുള്ളതെന്ന് താരം തുറന്നുപറഞ്ഞു.
അനുപമ ചോപ്രയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹാസ്യത്തോടുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ച് മമ്മൂട്ടി വിശദീകരിച്ചത്.
പ്രേക്ഷകരെ ചിരിപ്പിക്കുക എന്നത് തന്നെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണെന്നും താൻ ചെയ്യുന്ന കോമഡി കഥാപാത്രങ്ങൾ പോലും ഒരു ഗൗരവ സ്വഭാവമുള്ളവരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും തനിക്ക് തമാശകൾ ഏറെ ഇഷ്ടമാണെന്നും എന്നാൽ റഫ് ആയ റോളുകളിലാണ് പ്രേക്ഷകർ തന്നെ കൂടുതൽ കാണാൻ ആഗ്രഹിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പേട്രിയറ്റ്’ റിലീസിന് തയ്യാറെടുക്കവെയാണ് മമ്മൂട്ടിയുടെ ഈ വെളിപ്പെടുത്തൽ ശ്രദ്ധേയമാകുന്നത്. മെയ് ഒന്നിന് തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിലൂടെ നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാമാണ്. മാനുഷ് നന്ദൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം ആൻ മെഗാ മീഡിയയാണ് പ്രദർശനത്തിനെത്തിക്കുന്നത്.






