Home Entertainment മാസ്ക് അഴിഞ്ഞുവീഴുമ്പോൾ: ‘A. M. M. A’യുടെ തകർച്ചയും മലയാള സിനിമയിലെ ധാർമികതാ നാടകവും

മാസ്ക് അഴിഞ്ഞുവീഴുമ്പോൾ: ‘A. M. M. A’യുടെ തകർച്ചയും മലയാള സിനിമയിലെ ധാർമികതാ നാടകവും

18
0

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ A.M.M.A വീണ്ടും കടുത്ത ആഭ്യന്തര കലഹങ്ങളിലേക്കും കൂട്ടരാജിയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്. സംഘടനയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡന്റിന്റെ (ശ്വേത മേനോൻ) നേതൃത്വത്തിൽ അധികാരമേറ്റ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് അവിശ്വാസ പ്രമേയത്തിന് തൊട്ടുമുന്നെ ഒന്നിച്ച് രാജിസമർപ്പിച്ചത്.

സാമ്പത്തിക ക്രമക്കേടുകൾ, ഭാരവാഹികൾ ഒളിവിൽ പോയ സാഹചര്യം, ആഭ്യന്തരമായ വർഗീയ അധിക്ഷേപങ്ങൾ, പരസ്പരം ചെളിവാരിയെറിയൽ എന്നിവയെത്തുടർന്ന് ജനറൽ ബോഡി യോഗത്തിൽ ഉയർന്ന ശക്തമായ പ്രതിഷേധമാണ് ഭരണസമിതിയുടെ കൂട്ടത്തോടെയുള്ള പതനത്തിന് കാരണമായത്. സംഘടനയുടെ താൽക്കാലിക ചുമതല രമേശ് പിഷാരടി കൺവീനറായ അഡ്ഹോക് കമ്മിറ്റിയെ ഏൽപ്പിച്ചിരിക്കുകയാണ്.

പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനൊപ്പം സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ശ്വേത മേനോൻ പുറത്തുപോയി. “ചിലരുടെ കൈയിലെ വെറും പാവകളായി നിൽക്കാൻ തയ്യാറാകാത്തതുകൊണ്ടാണ് ഈ പുറത്താക്കൽ നാടകം. മുൻപ് ആരോപണവിധേയരായ ചിലർ സംഘടനയെ വീണ്ടും ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയാണ്,” എന്ന് ശ്വേത തുറന്നടിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെത്തുടർന്ന് മോഹൻലാലിന്റെ നേതൃത്വത്തിലുള്ള മുൻ കമ്മിറ്റി രാജിവെച്ചപ്പോൾ, തങ്ങൾ നേരിട്ട ധാർമിക അപചയം മറച്ചുപിടിക്കാൻ
‘A. M. M. A’ പ്രയോഗിച്ച തന്ത്രമായിരുന്നു വനിതാ നേതൃത്വം. എന്നാൽ, അധികാരത്തിന്റെ ചരടുകൾ പഴയ പുരുഷാധിപത്യ ലോബികളുടെ കൈകളിൽ തന്നെയായിരുന്നുവെന്ന് ശ്വേത മേനോന്റെ പാവക്കൂത്ത് പരാമർശം അടിവരയിടുന്നു. സ്ത്രീകളെ മുന്നിൽ നിർത്തി സംഘടനയുടെ പാപക്കറ കഴുകിക്കളയാൻ ശ്രമിച്ചവരുടെ കാപട്യമാണ് ഇപ്പോൾ പൊളിഞ്ഞത്.

മുൻ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ തനിക്കെതിരെ സഹപ്രവർത്തകരിൽ നിന്നും വർഗീയ അധിക്ഷേപവും മാനസിക പീഡനവുമുണ്ടായി എന്ന് പരാതിപ്പെട്ടിട്ടും അതിൽ കൃത്യമായ നടപടിയെടുക്കാൻ ഈ അസോസിയേഷന് കഴിഞ്ഞില്ല. ഒരു സ്ത്രീക്ക് പോലും സുരക്ഷിതമായി സ്വന്തം നിലപാട് പറയാൻ കഴിയാത്ത ഇടമായി ‘A. M. M. A ‘ മാറി എന്നത് ഈ സംഘടനയുടെ സാമൂഹിക ധാർമികതയുടെ വലിയ പരാജയമാണ്.

ക്ഷേമപ്രവർത്തനങ്ങളുടെയും പേരിൽ ലക്ഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു സംഘടനയുടെ ട്രഷറർ അക്കൗണ്ടുകൾ കൃത്യമായി ബോധിപ്പിക്കാനാകാതെ മുങ്ങുന്നു എന്നത് അങ്ങേയറ്റം അപഹാസ്യമാണ്. താരങ്ങളുടെ സംഘടനയ്ക്ക് നിയമപരമായ അച്ചടക്കമോ സാമ്പത്തിക കൃത്യതയോ ഇല്ലെന്ന് ഇത് തെളിയിക്കുന്നു.

മുൻപ് ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കുന്നതിൽ പരാജയപ്പെടുകയും, പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആരോപണവിധേയരായവരെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത അതെ ‘മാഫിയാ ശൈലി’ തന്നെയാണ് ഇപ്പോഴും തുടരുന്നത്.

‘A. M. M. A’ എന്നത് കേവലം താരങ്ങളുടെ ഒരു കൂട്ടായ്മ മാത്രമല്ല, അത് സമൂഹത്തിന് മാതൃകയാകേണ്ട സാംസ്കാരിക നായകന്മാരുടെ ഇടം കൂടിയാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ആത്മപരിശോധനയോ ജനാധിപത്യ ബോധമോ ഇല്ലാത്ത, അധികാരക്കൊതി പൂണ്ട ഒരു കൂട്ടം വ്യക്തികളുടെ താവളമായി ഈ അസോസിയേഷൻ അധഃപതിച്ചിരിക്കുന്നു. ഈ സംഘടനയ്ക്ക് ഇനി ഒരു തിരിച്ചുവരവുണ്ടാകണമെങ്കിൽ, സഹാനുഭൂതിയും വ്യക്തമായ നിലപാടുകളുമുള്ള ഒരു പുതിയ തലമുറ നേതൃത്വത്തിലേക്ക് വരിക തന്നെ വേണം.