Home cinema ചിരിപ്പിച്ച സൂരി ഇന്ന് പ്രേക്ഷകരെ നിശബ്ദരാക്കുന്നു; ഒരു കോമഡി താരത്തിന്റെ നടനിലേക്കുള്ള യാത്ര

ചിരിപ്പിച്ച സൂരി ഇന്ന് പ്രേക്ഷകരെ നിശബ്ദരാക്കുന്നു; ഒരു കോമഡി താരത്തിന്റെ നടനിലേക്കുള്ള യാത്ര

6
0

ഒരു കാലത്ത് സൂരി സ്ക്രീനിലെത്തുമ്പോൾ പ്രേക്ഷകർക്ക് അറിയാമായിരുന്നു, ഇനി ചിരിയുടെ സമയമാണ്. ഒരു ഡയലോഗ്, ഒരു നോട്ടം, ഒരു ശരീരഭാഷ, ചിലപ്പോൾ ഒന്നും പറയാതെ നിൽക്കുന്നത് പോലും തീയേറ്ററുകളിൽ ചിരിയുടെ അലയടികൾ സൃഷ്ടിച്ചിരുന്നു. തമിഴ് സിനിമയിലെ കോമഡി രംഗങ്ങളിൽ സ്വന്തം ഇടം കണ്ടെത്തിയ സൂരി, വർഷങ്ങളോളം പ്രേക്ഷകരെ എന്റർടെയിൻ ചെയ്ത നടനായിരുന്നു. എന്നാൽ ഇന്ന് സൂരിയെക്കുറിച്ച് സംസാരിക്കുമ്പോൾ കോമഡി താരം എന്ന വിശേഷണം മാത്രം മതിയാകുന്നില്ല. കാരണം, ചിരിപ്പിക്കാൻ കഴിവും ശേഷിയുമുള്ള ഒരാൾക്ക് പ്രേക്ഷകരെ വേദനിപ്പിക്കാനും നിശബ്ദനാക്കാനും കഴിയുമെന്ന് സൂരി തന്റെ നിലവാരമുള്ള പ്രകടനങ്ങളിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ടായിരത്തി ഒമ്പതിലെ വെണ്ണില കബഡി കുഴു എന്ന ചിത്രത്തിലെ ഇവിടെ പൊറോട്ട മത്സര രംഗമാണ് സൂരിയുടെ കരിയറിലെ വലിയ വഴിത്തിരിവുകളിലൊന്ന്. അതോടെ പൊറോട്ട സൂരി എന്ന പേര് പ്രേക്ഷകർക്കിടയിൽ ഉറച്ചു. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ കോമഡി ട്രാക്കിലെ സ്ഥിരം സാന്നിധ്യമായി അദ്ദേഹം മാറി. മുൻനിര താരങ്ങൾക്കൊപ്പം അഭിനയിക്കുകയും സ്വന്തമായൊരു കോമഡി ശൈലി രൂപപ്പെടുത്തുകയും ചെയ്തു. എന്നാൽ ആ വിജയത്തിനുള്ളിൽ മറ്റൊരു ആഗ്രഹം കൂടി ഉണ്ടായിരുന്നു, ഒരു മികച്ച നടനായി അംഗീകരിക്കപ്പെടണം എന്നത്. പ്രധാന വേഷങ്ങൾ ലഭിച്ചിരുന്നെങ്കിലും വെറുതെ നായകനാകാൻ വേണ്ടി നായകനാകാൻ തനിക്ക് താൽപര്യമില്ലെന്ന് സൂരി തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ശരിയായ കഥാപാത്രത്തിനായി കാത്തിരുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് അങ്ങനെയാണ് വെട്രിമാരന്റെ വിടുതലൈ എത്തിയത്. അത് സൂരിയുടെ കരിയറിലെ ഒരു സാധാരണ സിനിമ മാത്രമായിരുന്നില്ല, മറിച്ച് സൂരിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണ തന്നെ മാറ്റിയെഴുതിയ ചിത്രമായിരുന്നു.

വിടുതലൈയിലെ കുമരേശൻ എന്ന കോൺസ്റ്റബിൾ കഥാപാത്രം സൂരിക്ക് മുന്നിൽ വലിയ വെല്ലുവിളിയായിരുന്നു. ഇവിടെ ചിരിപ്പിക്കേണ്ടതില്ല, ശരീരഭാഷയിലൂടെ തമാശ സൃഷ്ടിക്കേണ്ടതില്ല, പകരം ഭയം, ആശയക്കുഴപ്പം, നിസ്സഹായത, ധൈര്യം തുടങ്ങിയ കഥാപാത്രത്തിന്റെ ഉള്ളിലെ മാനസിക സംഘർഷങ്ങളാണ് സ്ക്രീനിൽ എത്തിക്കേണ്ടിയിരുന്നത്. സൂരിയുടെ അതിഗംഭീര പ്രകടനം ശ്രദ്ധിക്കപ്പെട്ടതോടെ ഒരു കാര്യം വ്യക്തമായി, കോമഡി സൂരിയുടെ കഴിവിന്റെ അവസാനമായിരുന്നില്ല, അതൊരു തുടക്കം മാത്രമായിരുന്നു. വിടുതലൈക്ക് ശേഷം കൊട്ടൂക്കാളി, ഗരുഡൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തവും ഗൗരവമുള്ളതുമായ കഥാപാത്രങ്ങളിലേക്ക് അദ്ദേഹം അതിവേഗം മാറി.

സൂരിയുടെ വളർച്ചയിലെ ഏറ്റവും കൗതുകകരമായ ഭാഗം അദ്ദേഹം തിരഞ്ഞെടുത്ത കഥാപാത്രങ്ങളാണ്. സാധാരണ കോമഡി താരങ്ങൾ നായകനാകുമ്പോൾ തങ്ങളുടെ പഴയ ഇമേജ് നിലനിർത്താൻ ശ്രമിക്കാറുണ്ട്. എന്നാൽ സൂരി അതിന് വിപരീതമായ വഴിയാണ് സ്വീകരിച്ചത്. കഥാപാത്രം ആവശ്യപ്പെടുന്നിടത്ത് തന്റെ കോമഡി ഇമേജ് പൂർണ്ണമായി മാറ്റിവയ്ക്കാൻ അദ്ദേഹം തയ്യാറായി. ഒരു അഭിമുഖത്തിൽ, വളരെക്കാലം തനിക്ക് കോമഡി കഥാപാത്രങ്ങൾ മാത്രമേ ചെയ്യാൻ കഴിയൂ എന്ന് കരുതിയിരുന്നുവെന്നും പിന്നീട് കഥാപാത്രകേന്ദ്രിതമായ വേഷങ്ങൾ തേടാൻ തുടങ്ങിയെന്നും സൂരി പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ സൂരിയുടെ യാത്ര ഒരു കോമഡി താരത്തിന്റെ ഹീറോ പരിവർത്തനം എന്നതിലുപരി ഒരു നടൻ തന്റെ തന്നെ പരിധികളെ തിരിച്ചറിഞ്ഞ് അതിനെ മറികടന്ന കഥ കൂടിയാണ്.

ഈ മാറ്റത്തിന്റെ തുടർച്ചയായി മാതിമാരൻ പുഗഴേന്തിയുടെ സംവിധാനത്തിൽ, ജി.വി. പ്രകാശ് കുമാറിന്റെ സംഗീതത്തിൽ, ആർ.എസ്. ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാർ നിർമ്മിച്ച് 2026 സെപ്റ്റംബർ 10-ന് തിയേറ്ററുകളിൽ എത്തിയ പുതിയ ചിത്രമാണ് മണ്ടാടി (Mandaadi)കടലിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയും തീരദേശത്തെ മനുഷ്യരുടെ അതിജീവനവും പ്രമേയമാക്കി ഒരുക്കിയ ഈ സ്പോർട്സ് ആക്ഷൻ ഡ്രാമ ചിത്രത്തിൽ മുത്തുക്കാളി (കാളി)എന്ന ശക്തമായ കഥാപാത്രത്തെയാണ് സൂരി അവതരിപ്പിച്ചത്. സത്യരാജ്, മഹിമ നമ്പ്യാർ, തെലുങ്ക് താരം സുഹാസ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ഈ ചിത്രത്തിലെ സൂരിയുടെ പ്രകടനം ഏറെ നിരൂപകപ്രശംസ നേടുകയും ബോക്സോഫിസിൽ വലിയ വിജയം കൈവരിക്കുകയും ചെയ്തു വരുന്നു. കടൽ പശ്ചാത്തലത്തിലുള്ള കടുത്ത സംഘട്ടന രംഗങ്ങളിലും ബോട്ട് മത്സരങ്ങളിലും ഡ്യൂപ്പില്ലാതെ സ്വന്തമായി റിസ്ക് എടുത്താണ് സൂരി ഈ ചിത്രത്തിൽ അഭിനയിച്ചത്.

ഒരിക്കൽ പ്രേക്ഷകരെ ചിരിപ്പിക്കാൻ സ്ക്രീനിലെത്തിയ ആ മനുഷ്യൻ ഇന്ന് ഓരോ സിനിമയിലും എനിക്ക് ഇനിയും എന്തൊക്കെ ചെയ്യാനാകും എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്. ചില യാത്രകൾ വിജയത്തിലേക്കുള്ളതല്ല, സ്വയം കണ്ടെത്താനുള്ളതാണ്. സൂരിയുടെ കഥയിൽ ഏറ്റവും ശ്രദ്ധേയമായത് വിജയം മാത്രമല്ല, ഒരു നടന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം പലപ്പോഴും അവന്റെ പേരിനൊപ്പം ചേർന്ന വിശേഷണം മാറുന്നതാണ്. കോമഡി താരം സൂരി എന്നതിൽ നിന്ന് നടൻ സൂരി എന്നതിലേക്കുള്ള മാറ്റം ഒരു വാക്കിന്റേത് മാത്രമല്ല, വർഷങ്ങളോളം മറ്റുള്ളവരെ ചിരിപ്പിച്ച ഒരാൾ ഒടുവിൽ തന്റെ ഉള്ളിലെ നടനെ കണ്ടെത്തിയതിന്റെ തെളിവാണ്.

സിനിമയിൽ ചിലർ ആദ്യ ദിവസം തന്നെ നായകനായി എത്തും. ചിലർ നായകനാകാൻ വർഷങ്ങൾ കാത്തിരിക്കും. പക്ഷേ ചിലർ ആദ്യം പ്രേക്ഷകരുടെ ചിരി നേടും, പിന്നീട് അവരുടെ ബഹുമാനം സ്വന്തമാക്കും. സൂരിയുടെ യാത്ര ആ മൂന്നാമത്തെ കഥയാണ്. ഒരിക്കൽ പരോട്ട കഴിച്ച് പ്രേക്ഷകരെ ചിരിപ്പിച്ച സൂരി, ഇന്ന് തന്റെ കഥാപാത്രങ്ങളിലൂടെ ചോദിക്കുന്നത് മറ്റൊരു കാര്യമാണ്, ചിരിപ്പിക്കാൻ കഴിഞ്ഞാൽ മാത്രം ഒരാളെ ഒരു നല്ല നടനെന്ന് വിളിക്കാമോ എന്ന്. സൂരിയുടെ കരിയർ അതിന് ഇതിനോടകം മറുപടി നൽകിക്കഴിഞ്ഞു. ഒരു നല്ല കോമഡി നടൻ നല്ലൊരു നടനാകണമെന്നില്ല, എന്നാൽ ഒരു നല്ല നടന് ചിരിപ്പിക്കാനും കരയിപ്പിക്കാനും നിശബ്ദനാക്കാനും കഴിയും. സൂരി ഇപ്പോൾ ആ യാത്രയിലാണ്.