മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ഫാന്റസി ഫാമിലി എന്റർടെയ്നർ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ നാളെ (ഒക്ടോബർ 2) ആഗോളതലത്തിൽ തിയേറ്ററുകളിലേക്ക് എത്തുന്നു. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. തന്റെ പതിവ് അഭിനയ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് പുറത്തിറങ്ങിയ ടൈറ്റിൽ ഗാനവും ടീസറുമെല്ലാം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
ബാഹുബലി നിർമ്മാതാക്കളുടെ കൂട്ടുക്കെട്ടും വലിയ താരനിരയും
ഇന്ത്യൻ സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലി ഉൾപ്പെടെയുള്ളവ നിർമ്മിച്ച പ്രശസ്ത നിർമ്മാണ കമ്പനിയായ ‘ആർക്കാ മീഡിയ വർക്ക്സും’ ‘ഷോയിംഗ് ബിസിനസും’ ചേർന്ന് വലിയ മുതൽമുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ഫഹദ് ഫാസിലിനോടൊപ്പം ബാലതാരമായ സാറയുടെ മികച്ച പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു. കേരളത്തിൽ ഭാവനാ സ്റ്റുഡിയോസിന്റെ ഭാവനാ റിലീസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
മികച്ച സാങ്കേതിക തികവോടെ ഒരുങ്ങുന്ന ദൃശ്യവിരുന്ന്
ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരായ വലിയൊരു സാങ്കേതിക സംഘം തന്നെ പ്രവർത്തിച്ചിരിക്കുന്നു. കാലഭൈരവയാണ് ചിത്രത്തിന് മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. എസ്. എസ്. കാഞ്ചിയും കോ-റൈറ്റർ ഹംസ അലിയും ചേർന്നാണ് ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഡെവലപ്മെന്റ് നിർവഹിച്ചിരിക്കുന്നത്. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലുള്ള വിസ്മയ കാഴ്ചകളുമായി എത്തുന്ന ഈ ചിത്രം തിയേറ്ററുകളിൽ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.











