കൊച്ചി: ലോക ഹൃദയദിനത്തോട് അനുബന്ധിച്ച് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ഹൃദയസംഗമവേദിയില്‍ തനിക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അപ്രതീക്ഷിത സ്‌നേഹസമ്മാനവുമായി ഒരു രോഗി. എറണാകുളം വടുതല സ്വദേശി 72-കാരനായ സി.എന്‍. രാജുവാണ് ലിസി ആശുപത്രിയില്‍ വെച്ച് തനിക്ക് ആഞ്ജിയോപ്ലാസ്റ്റി ചെയ്ത ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ചത്.
കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയില്‍ പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റായിരുന്ന രാജു, തന്റെ ഹൃദയ വാല്‍വില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ലിസി ആശുപത്രിയില്‍ വെച്ച് ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയമായത്. ആഞ്ജിയോപ്ലാസ്റ്റിക്കായി ഓപ്പറേഷന്‍ തിയറ്ററിലേക്ക് കൊണ്ടുപോകുമ്പോള്‍ താന്‍ മനസില്‍ കരുതിയതാണ് ജീവിതത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ ഡോ. പെരിയപ്പുറത്തിന് അദ്ദേഹത്തിന്റെ ഛായാചിത്രം വരച്ചു നല്‍കണമെന്നതെന്ന് രാജു പറഞ്ഞു. ആ സ്വപ്‌നം ഇന്ന് നിറവേറ്റാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജുവില്‍ നിന്ന് സ്‌നേഹസമ്മാനം സ്വീകരിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഈ ചിത്രം രാജും തന്റെ കൈ കൊണ്ടല്ല മറിച്ച് തന്റെ ഹൃദയം കൊണ്ടാണ് വരച്ചതെന്ന് പറഞ്ഞു. രാജു നേരത്തെ എറണാകുളം അതിരൂപതയുടെ കീഴിലുള്ള സത്യദീപം പ്രസിദ്ധീകരണങ്ങളില്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.