കൊച്ചി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി ഐഎംഎ ഹൗസിൽ ‘ഹൃദയസംഗമം സംഘടിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലായ ഹൃദയസംഗമം കൊച്ചി മെട്രോ റെയിൽ എം.ഡി ലോകനാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു.
ജീവിതശൈലിയിലുണ്ടായ മാറ്റം മൂലം കേരളത്തിൽ ഓരോ വർഷവും ഹൃദ്രോഗികളുടെ എണ്ണം വർദ്ധിക്കുകയാണെന്ന് ലോക്നാഥ് ബെഹറ പറഞ്ഞു.
ഹൃദയ സംബന്ധമായ രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് പ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യകരമായ ഭക്ഷണ രീതിയും വ്യായാമവും ശീലമാക്കിയാൽ ഹൃദ്രോഗങ്ങൾ കുറയ്ക്കുവാൻ സാധിക്കുമെന്നും ബെഹ്റ പറഞ്ഞു.
ഹൃദയസംഗമത്തില്‍ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങൾക്ക് വിദഗ്ദ്ധർ മറുപടി നൽകി.
ചടങ്ങില്‍ ഈ വര്‍ഷത്തെ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് റിനൈ മെഡിസിറ്റിയിലെ അനസ്‌തേഷ്യ ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം മേധാവി ഡോ. ഏബ്രഹാം ചെറിയാന് സമ്മാനിച്ചു. പ്രശംസാപത്രവും ഫലകവും 50000 രൂപയും അടങ്ങിയതാണ് പുരസ്‌കാരം. കാര്‍ഡിയാക് അനസ്‌തേഷ്യയില്‍ ഡിഎം സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിച്ച പ്രമുഖ വ്യക്തിയാണ് ഡോ. ഏബ്രഹാം. ദേശിയ, അന്തര്‍ദേശിയ മെഡിക്കല്‍ ജേണലുകള്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സംബന്ധിച്ച് വിദഗ്ദ്ധര്‍ പങ്കെടുത്ത പാനല്‍ ചര്‍ച്ചയും പരിപാടിയുടെ ഭാഗമായി നടന്നു.ലിസി ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഡോ. പോൾ കരേഡൻ അധ്യക്ഷത വഹിച്ചു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജേക്കബ് ഏബ്രഹാം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റീ ഡോ. ജോ ജോസഫ്, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ മെഡിക്കൽ പാനൽ ചെയർമാൻ ഡോ. റോണി മാത്യു കടവിൽ, റോട്ടറി ക്ലബ് കൊച്ചിൻ ഗ്ലോബൽ പ്രസി. ഡോ. സുജിത് ജോസ്,ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ലിമി റോസ് ടോം എന്നിവര്‍ സംസാരിച്ചു.