ഭാരതീയ രാഷ്ട്രീയത്തിലെയും കോൺഗ്രസ് പ്രസ്ഥാനത്തിലെയും തലമുതിർന്ന സാന്നിധ്യമായിരുന്ന മുൻ കേന്ദ്രമന്ത്രി മൊഹ്സിന കിദ്വായി വിടവാങ്ങി. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് നോയിഡയിലെ വസതിയിലായിരുന്നു അന്ത്യം.
ഉത്തർപ്രദേശിൽ നിന്നുള്ള ഈ കരുത്തുറ്റ നേതാവ് ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മന്ത്രിസഭകളിൽ നിർണ്ണായകമായ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശ് രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന മൊഹ്സിന, നിരവധി തവണ നിയമസഭാംഗമായും സംസ്ഥാന മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1978-ൽ മീററ്റിൽ നിന്നുള്ള വിജയത്തോടെയാണ് അവർ ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് എത്തുന്നത്. ഇന്ദിരാ ഗാന്ധിയുമായും നെഹ്‌റു കുടുംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന അവർ, എഐസിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ കേരളത്തിന്റെ ചുമതലയും ദീർഘകാലം വഹിച്ചിരുന്നു.
പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ എംഎൽഎ, ലോക്സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ അവർ മുദ്രപതിപ്പിച്ചു.
കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിക്കൊപ്പം ഉറച്ചുനിന്ന നേതാക്കളിൽ ഒരാളായിരുന്നു മൊഹ്സിന. അവരുടെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയൊരു നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രിയ നേതാവിന്റെ വേർപാടിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.






