ഇതാണ് എന്റെ സന്ദേശം’—മഷി പുരട്ടിയ ചൂണ്ടുവിരൽ ഉയർത്തിപ്പിടിച്ച് മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ തന്റെ ജനാധിപത്യപരമായ കടമ നിർവഹിച്ചു. നേമം മണ്ഡലത്തിലെ മുടവൻമുകൾ സ്കൂളിലെ മുപ്പത്തിയാറാം നമ്പർ ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുൻപേ തന്നെ ബൂത്തിലെത്തിയ അദ്ദേഹം, മറ്റുള്ളവർക്കൊപ്പം ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്. വോട്ട് ചെയ്ത ചിത്രം തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച താരം, പൗരൻ്റെ ഉത്തരവാദിത്തം എടുത്തുപറയുകയും ചെയ്തു.
മോഹൻലാലിന് പുറമെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും വോട്ട് രേഖപ്പെടുത്താൻ വിവിധ ബൂത്തുകളിൽ എത്തിയിരുന്നു.
ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നൂറ്റിമുപ്പത്തിയേഴാം നമ്പർ ബൂത്തിൽ സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തി. കളമശ്ശേരി അംബേദ്കർ തൊഴിൽ പരിശീലന കേന്ദ്രത്തിലെ നൂറ്റിത്തൊണ്ണൂറാം നമ്പർ ബൂത്തിൽ നടൻ അജു വർഗീസും വോട്ട് ചെയ്യാനെത്തി. തേവര സർക്കാർ ഫിഷറീസ് സ്കൂളിൽ നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും എത്തി വോട്ട് രേഖപ്പെടുത്തി. താരങ്ങളുടെ സാന്നിധ്യം പോളിങ് ബൂത്തുകളിൽ വലിയ ആവേശം പകർന്നു.




