കേരള രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പതിനാല് പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള ഇരുപത്തിയൊന്നംഗ യുഡിഎഫ് മന്ത്രിസഭയാണ് ഇന്ന് ജനവിധി നെഞ്ചേറ്റി ഭരണസിംഹാസനത്തിലേക്ക് ചുവടുവെക്കുന്നത്.
രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്ന പ്രൗഢഗംഭീരമായ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടും. രാജ്ഭവന്റെ കർശന നിർദ്ദേശപ്രകാരം ഗവർണർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും മാത്രമായിരിക്കും പ്രധാന വേദിയിലുണ്ടാവുക. വി.ഡി. സതീശന് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങി ഇരുപത് മന്ത്രിമാരും ഇന്ന് ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേൽക്കും. വൻ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ചടങ്ങിനോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ അതീവ ജാഗ്രതയും കനത്ത സുരക്ഷയുമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
അധികാരമേറ്റ ഉടൻ കൂടുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ജനങ്ങളെ കൈയിലെടുക്കുന്ന വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കൽ, കൊച്ചി മാതൃകയിൽ സംസ്ഥാനവ്യാപകമായി ‘ഇന്ദിര കാന്റീൻ’ പദ്ധതി, കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തുടങ്ങിയ ജനപ്രിയ പ്രഖ്യാപനങ്ങളോടെയാകും പുതിയ സർക്കാർ ഭരണം തുടങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.






