അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസിൽ കൊച്ചി ലേക്ഷോർ ആശുപത്രി മാനേജിങ് ഡയറക്ടറെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രമുഖ സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തിയിരുന്നു.
വ്യാജരേഖകൾ ചമച്ച് നടത്തിയ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് കേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി കള്ളപ്പണ ഇടപാടിൽ അന്വേഷണം ആരംഭിച്ചത്. മെഡിക്കൽ ടൂറിസത്തിൻ്റെ മറവിൽ കേരളത്തിനകത്തും പുറത്തുമുള്ള വലിയൊരു മാഫിയാ സംഘം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. ആലപ്പുഴ റൂറൽ പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ മുഖ്യസൂത്രധാരൻ നജീബാണ് ഈ ഇടനിലക്കാരെയെല്ലാം ഏകോപിപ്പിച്ചിരുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ചെറിയ തുക നൽകി അവയവങ്ങൾ വാങ്ങുകയും, പിന്നീട് സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ഇത് വൻ തുകയ്ക്ക് കൈമാറുകയും ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഓരോ ശസ്ത്രക്രിയയ്ക്ക് ശേഷവും നജീബിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് വൻ തുക കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. കൊച്ചിയിലെ ലേക്ഷോർ, മെഡിക്കൽ ട്രസ്റ്റ് ഉൾപ്പെടെ ആറ് ആശുപത്രികളിൽ ഇഡി നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ ആശുപത്രികളുടെ കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളാണ് നിലവിൽ ഇഡി പരിശോധിക്കുന്നത്.







