Home kerala വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ പാസാക്കി കേരള നിയമസഭ, പ്രതിഷേധവുമായി പ്രതിപക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ പാസാക്കി കേരള നിയമസഭ, പ്രതിഷേധവുമായി പ്രതിപക്ഷം

32
0

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് പ്രത്യേക നികുതി ഘടന ഏർപ്പെടുത്തുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ധനബിൽ കേരള നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. നടപടിക്രമങ്ങൾ ലംഘിച്ചാണ് ബിൽ അവതരിപ്പിച്ചതെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച ശേഷമാണ് ബിൽ പാസാക്കിയത്.

ധനബില്ലനുസരിച്ച് 0.5 മുതൽ 10 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 120 ശതമാനവും, 10 മുതൽ 20 ശതമാനം വരെ ആൽക്കഹോൾ അടങ്ങിയ പാനീയങ്ങൾക്ക് 175 ശതമാനവും നികുതി ചുമത്തും. ബജറ്റിൽ പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തിന്റെ തുടർച്ചയായാണ് ഈ വ്യവസ്ഥ ധനബില്ലിൽ ഉൾപ്പെടുത്തിയത്.

ധനബിൽ പാസായെങ്കിലും സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് ഉടൻ അനുമതി ലഭിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ മദ്യനയം പ്രഖ്യാപിച്ചതിന് ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

അതേസമയം, കർഷകരുടെയും ടൂറിസം മേഖലയുടെയും പേരിൽ സ്വകാര്യ മദ്യലോബിക്ക് ഗുണം ചെയ്യുന്ന തീരുമാനമാണ് സർക്കാരിന്റെതെന്ന് പ്രതിപക്ഷം ആരോപിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനം ധനബില്ലിലൂടെ കൊണ്ടുവന്നത് ചട്ടലംഘനമാണെന്നും പ്രതിപക്ഷം വിമർശിച്ചു. മറുവശത്ത്, ഇത് നികുതി സംബന്ധിച്ച നിയമനടപടി മാത്രമാണെന്നും പുതിയ മദ്യനയമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും സർക്കാർ വിശദീകരിച്ചു.