ട്വന്‍റി 20 ലോകകപ്പ് കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി ബിസിസിഐക്കെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നു. ലോകകപ്പിന് ശേഷം കളിച്ച ചുരുക്കം ചില മത്സരങ്ങളിലെ പ്രകടനത്തിൻ്റെ പേരിൽ സഞ്ജുവിനെ വേട്ടയാടുകയാണെന്നാണ് പ്രധാന ആക്ഷേപം. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐ കേന്ദ്രങ്ങളിൽ നിന്നുള്ള അനൗദ്യോഗിക വിശദീകരണമെങ്കിലും, ഒരൊറ്റ ഫോർമാറ്റിൽ മാത്രം കളിക്കുന്ന താരത്തിന് എന്തിനാണ് ഇത്ര പെട്ടെന്ന് വിശ്രമം നൽകിയതെന്ന ചോദ്യമാണ് ക്രിക്കറ്റ് പ്രേമികൾ ഉയർത്തുന്നത്. സാധാരണയായി മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകുമ്പോൾ ബിസിസിഐ വാർത്താക്കുറിപ്പിലൂടെ അത് ഔദ്യോഗികമായി വ്യക്തമാക്കാറുണ്ടെങ്കിലും സഞ്ജുവിൻ്റെ കാര്യത്തിൽ അത്തരം യാതൊരു വിശദീകരണവും നൽകാൻ സെലക്ടർമാർ തയ്യാറായിട്ടില്ല.
മറ്റ് താരങ്ങൾ തുടർച്ചയായി പരാജയപ്പെടുമ്പോഴും സഞ്ജുവിനെ മാത്രം ലക്ഷ്യമിട്ട് പുറത്തിരുത്താൻ സെലക്ടർമാർ അവസരം കാത്തിരിക്കുകയായിരുന്നു എന്ന തരത്തിലാണ് ആരാധകരുടെ വിമർശനം. ലോകകപ്പിന് ശേഷം മറ്റ് പ്രധാന താരങ്ങളും മോശം ഫോമിലൂടെ കടന്നുപോയിട്ടും പഴി മുഴുവൻ സഞ്ജുവിൻ്റെ തലയിൽ മാത്രം കെട്ടിവെക്കുന്നത് ഇരട്ടത്താപ്പാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിലും സഞ്ജുവിന് അവസരം ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്. നോട്ടിങ്ഹാമിൽ നടക്കുന്ന ഇന്ത്യൻ ടീമിൻ്റെ പരിശീലന സെഷനുകളിൽ സഞ്ജു പങ്കെടുക്കാതിരുന്നതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ലോകകപ്പ് ഹീറോയോട് സെലക്ടർമാർ കാട്ടുന്ന ഈ അവഗണനയ്ക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.







