നല്ല ഉറക്കം ലഭിക്കുക എന്നത് ആരോഗ്യകരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. പലപ്പോഴും രാത്രി കിടക്കുമ്പോൾ ഉറക്കം വരാത്തതും, കൃത്യമായി ഉറക്കം ലഭിക്കാത്തതും നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇതിനു പിന്നിലെ പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണരീതികളാണ്. ദഹനവും ഉറക്കവും തമ്മിൽ വളരെ അടുത്ത ബന്ധമുള്ളതിനാൽ, രാത്രിയിലെ ആഹാരക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്.
ഭക്ഷണവും ദഹനവും തമ്മിലുള്ള ബന്ധം
രാത്രികാലങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുകയും വയറ്റിൽ അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. ഇത് ശരീരത്തിന് ഉറക്കത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നു. അതിനാൽ വയറിന് ഭാരമുണ്ടാക്കാത്തതും എളുപ്പത്തിൽ ദഹിക്കുന്നതുമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. പഴങ്ങളും പച്ചക്കറികളും പയറു വർഗങ്ങളും രാത്രിയിലെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ ഒഴിവാക്കാനും ഗാഢമായ ഉറക്കം ലഭിക്കാനും സഹായിക്കും.
ഇലക്കറികളും നാരുകളങ്ങിയ ഭക്ഷണങ്ങളും
രാത്രി സമയത്ത് വേവിച്ച ഇലക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ബ്രോക്കോളി പോലുള്ള പച്ചക്കറികളിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഉറക്കം സുഗമമാക്കുന്നതിനൊപ്പം ശരീരത്തിന് ആവശ്യമായ ഊർജവും നൽകുന്നു. കൂടാതെ, ക്വിനോവ, അവക്കാഡോ തുടങ്ങിയവയും രാത്രി കഴിക്കാൻ അനുയോജ്യമായ ആരോഗ്യകരമായ ആഹാരങ്ങളാണ്.
മധുരക്കിഴങ്ങിന്റെ ഗുണങ്ങൾ
കുടലിന്റെ ആരോഗ്യത്തിന് മികച്ച ഒന്നാണ് മധുരക്കിഴങ്ങ്. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ വേഗത്തിലാക്കാൻ സഹായിക്കുന്നു. പലവിധ രോഗങ്ങളെ പ്രതിരോധിക്കാനുള്ള പോഷകഗുണങ്ങളും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ഇത് രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും.
സാല്‍മൺ മത്സ്യത്തിന്റെ പ്രാധാന്യം
ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന സാൽമൺ പോലുള്ള മത്സ്യങ്ങൾ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. കുടലിന്റെ ആന്തരിക പാളിയുടെ സംരക്ഷണത്തിന് ഇവ മികച്ച പിന്തുണ നൽകുന്നു. പ്രോട്ടീൻ, വൈറ്റമിൻ ഡി, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഇതിലൂടെ ശരീരത്തിന് ലഭ്യമാകുന്നു.
മഞ്ഞളും ഇഞ്ചിയും നൽകുന്ന ആശ്വാസം
രാത്രി കഴിക്കുന്ന ഭക്ഷണങ്ങളിൽ മഞ്ഞളും ഇഞ്ചിയും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ദഹനപ്രക്രിയയെ സുഗമമാക്കാൻ വളരെധികം സഹായിക്കുന്നു. പുളിച്ചുതികട്ടൽ, വയറു വീർക്കൽ തുടങ്ങിയ അസ്വസ്ഥതകളെ പ്രതിരോധിക്കാൻ ഈ കൂട്ടുകൾ മികച്ച പ്രതിവിധിയാണ്.
ഭക്ഷണം കഴിക്കേണ്ട ശരിയായ സമയം
രാത്രികാലങ്ങളിൽ തോന്നിയ സമയത്ത് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കണം. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. രാത്രി എട്ട് മണിക്ക് മുൻപായി ഭക്ഷണം കഴിക്കുന്നത് ദഹനം പൂർണ്ണമാകാൻ സഹായിക്കും. ആഹാരം പൂർണ്ണമായി ദഹിച്ച ശേഷം ഉറങ്ങാൻ കിടക്കുമ്പോൾ ഉറക്കമില്ലായ്മ പോലെയുള്ള ബുദ്ധിമുട്ടുകൾ നമ്മെ തേടിയെത്തില്ല.











