Home cinema സമയം മാറുന്നു, തീയേറ്ററുകളിൽ വിസ്മയം തീർത്ത് ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിളങ്ങുന്നു!

സമയം മാറുന്നു, തീയേറ്ററുകളിൽ വിസ്മയം തീർത്ത് ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ തിളങ്ങുന്നു!

1
0
ജീവിതത്തിൽ പിന്നോട്ടോ മുന്നോട്ടോ പോകാൻ ഒരവസരം ലഭിച്ചാൽ എന്തായിരിക്കും നിങ്ങൾ ചെയ്യുക? കഴിഞ്ഞുപോയ ചില തെറ്റുകൾ തിരുത്താനോ, ജീവിതത്തിൽ സംഭവിക്കേണ്ടിയിരുന്ന ചില കാര്യങ്ങൾ മാറ്റിമറിക്കാനോ, ഭാവിയിൽ എന്താണ് കാത്തിരിക്കുന്നതെന്ന് അറിയാനോ മിക്കവരും ആഗ്രഹിച്ചേക്കാം. എന്നാൽ സമയത്തിലൂടെ സഞ്ചരിക്കാൻ കഴിയുന്ന ഒരു വാച്ച് യാദൃശ്ചികമായി കൈയിൽ ലഭിച്ചാലുള്ള സാധ്യതകളും, അതുണ്ടാക്കുന്ന അപ്രതീക്ഷിത പ്രത്യാഘാതങ്ങളുമാണ് റമീസ് എഴുതി സംവിധാനം ചെയ്ത ടൈം ട്രാവൽ ഫാന്റസി ത്രില്ലർ ചിത്രമായ ‘ഒറിജിനൽ’ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ഈ ചിത്രം പ്രമേയത്തിന്റെ കൗതുകവും തികച്ചും രസകരമായ സംഭവവികാസങ്ങളും കൊണ്ട് ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്.
സിനിമ എന്ന വലിയ സ്വപ്നവുമായി നടക്കുന്ന റിജിൻ എന്ന യുവാവിന്റെ കൈകളിലേക്ക് ഒരു ടൈം ട്രാവൽ വാച്ച് എത്തുന്നതോടെയാണ് കഥയുടെ ഗതി പൂർണ്ണമായും മാറുന്നത്. പന്ത്രണ്ട് വർഷം പിന്നോട്ടും മുന്നോട്ടും സഞ്ചരിക്കാൻ കഴിയുന്ന ഈ വാച്ചിലൂടെ സമയത്തിന്റെ ടൈംലൈനിൽ പലവിധ മാറ്റങ്ങൾ വരുത്താൻ റിജിന് അവസരം ലഭിക്കുന്നു. എന്നാൽ, സമയത്തിൽ മനുഷ്യൻ വരുത്തുന്ന ഓരോ ചെറിയ മാറ്റവും അയാളുടെ ജീവിതത്തിൽ പുതിയ സംഭവവികാസങ്ങൾക്കും അതുവരെ ഊഹിക്കാത്ത വലിയ പ്രത്യാഘാതങ്ങൾക്കും വഴിയൊരുക്കുകയാണ്. റിജിന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഈ കൗതുകകരമായ മാറ്റങ്ങളും അയാളുടെ ഭാവി എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയുമാണ് ചിത്രത്തെ ഒരു മികച്ച സിനിമാനുഭവമാക്കി മാറ്റുന്നത്.
‘നമ്മൾ സമയവുമായി കളിച്ചാൽ, സമയം എന്തായാലും തിരിച്ചും കളിക്കും’ എന്ന ശക്തമായ ആശയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ, ഒപ്പം വൈകാരിക മുഹൂർത്തങ്ങൾ എന്നിവയെല്ലാം വളരെ മനോഹരമായി സമന്വയിപ്പിച്ചാണ് സംവിധായകൻ ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. സമയത്തെ മാറ്റാനുള്ള അവസരം ഒരാളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുമെന്നും അതിന്റെ തിക്തഫലങ്ങൾ എങ്ങനെയൊക്കെയായിരിക്കുമെന്നും വളരെ രസകരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലാണ് എത്തിയത്. അദ്ദേഹത്തോടൊപ്പം ഫെമിന ജോർജ്, രാജേഷ് മാധവൻ, അഭിരാം രാധാകൃഷ്ണൻ, ബിനു പപ്പു തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവിസ്മരണീയമാക്കിയിട്ടുണ്ട്.
മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയും ഛായാഗ്രഹണം ഫഹദ് ഫത്‌ലിയും നിർവഹിച്ചിരിക്കുന്നു. അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കലാസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത്. മൈൻഡ്‌സ്റ്റൈൻ സ്റ്റുഡിയോസാണ് ചിത്രത്തിനായി ആകർഷകമായ വിഷ്വൽ എഫക്റ്റ്സ് ഒരുക്കിയിട്ടുള്ളത്. അഷ്റ മുഹമ്മദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും കാസ്റ്റിങ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ. സംഗീത ജനചന്ദ്രനാണ് ചിത്രത്തിന്റെ മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് കാര്യങ്ങൾ ഏകോപിപ്പിച്ചിരിക്കുന്നത്. പ്രദീപ് മേനോൻ ഡിസ്ട്രിബ്യൂഷൻ ഹെഡ് ആയുള്ള ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക് സ്വന്തമാക്കിയപ്പോൾ, ഹോം സ്‌ക്രീൻ എന്റർടെയ്ൻമെന്റ്സാണ് ജി.സി.സി. വിതരണ പങ്കാളികളായി എത്തിയിരിക്കുന്നത്. കുടുംബപ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത ഈ ചിത്രം തിയറ്ററുകളിൽ വിജയയാത്ര തുടരുകയാണ്.