Home Politics വികസനത്തിന് ഇടവേള അരുത്, ജനം എൽഡിഎഫിനൊപ്പം”; 2021-നേക്കാൾ വലിയ വിജയമുറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസനത്തിന് ഇടവേള അരുത്, ജനം എൽഡിഎഫിനൊപ്പം”; 2021-നേക്കാൾ വലിയ വിജയമുറപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

9
0

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന അതിപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി ആർ.സി. അമല ബേസിക് സ്കൂളിലെ 194-ാം നമ്പർ ബൂത്തിൽ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത കേരളത്തിലേക്കുള്ള ചുവടുവെപ്പിലാണ് നമ്മളെന്നും വികസന പ്രവർത്തനങ്ങൾക്ക് ഒരിടവേള പോലും ഉണ്ടാകരുതെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന് മാത്രമേ നാടിനെ പ്രതിബദ്ധതയോടെ മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തുവർഷം മുൻപുള്ള ഭരണസ്തംഭനത്തിന്റെ കാലം ജനങ്ങളുടെ ഓർമ്മയിലുണ്ടെന്നും എന്നാൽ കഴിഞ്ഞ പത്തുവർഷമായി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കേരളത്തെ മാതൃകാപരമായ സംസ്ഥാനമാക്കി മാറ്റാൻ എൽഡിഎഫിന് സാധിച്ചുവെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവി എൽഡിഎഫ് സംസ്കാരത്തിന്റെ ഭാഗമാണ്.

വസ്തുതാവിരുദ്ധമായ പ്രചരണങ്ങൾ കൊണ്ടോ വർഗീയ നീക്കങ്ങൾ കൊണ്ടോ എൽഡിഎഫിനോടുള്ള ജനപിന്തുണ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണ്, ജനം ഞങ്ങൾക്കൊപ്പവുമാണ്. 2016-ലേതിനേക്കാൾ കൂടുതൽ സീറ്റുകൾ 2021-ൽ ലഭിച്ചതുപോലെ, ഇത്തവണ അതിനേക്കാൾ വലിയ വിജയം ജനങ്ങൾ എൽഡിഎഫിന് നൽകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തെലങ്കാന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവാദ ചോദ്യത്തിന് ‘ഡാഷ്’ എന്നിടത്ത് അവർ തന്നെയാണ് പൂരിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി മറുപടി നൽകി. അഴിമതിക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായ ചരിത്രമാണ് ആ മുഖ്യമന്ത്രിക്കുള്ളതെന്നും ഇപ്പോൾ കൂടുതൽ ഒന്നും പറയുന്നില്ലെന്നും തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താമെന്നും പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ പ്രബുദ്ധരായ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ആർക്കും കഴിയില്ലെന്നും നവകേരളം എന്നത് സാധ്യമാക്കാവുന്ന ഒരു പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.