തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി നടൻ ആസിഫ് അലി. നിലവിൽ സജീവ രാഷ്ട്രീയത്തിലേക്കോ മത്സരരംഗത്തേക്കോ ഇറങ്ങാൻ തനിക്ക് താല്പര്യമില്ലെന്നും സിനിമയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ തൊടുപുഴ കുമ്പംകല്ല് ബിടിഎം എൽപി സ്കൂളിലെത്തിയപ്പോഴായിരുന്നു മാധ്യമങ്ങളോട് താരത്തിന്റെ പ്രതികരണം.
ആസിഫ് അലി എൽഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നേരത്തെ ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് താൻ ഇപ്പോൾ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന് താരം അടിവരയിട്ട് പറഞ്ഞത്.
ഈ വിഷയത്തിൽ പിജെ ജോസഫ് തന്നെ നേരിട്ട് വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നുവെന്നും ആസിഫ് വെളിപ്പെടുത്തി. തന്റെ തട്ടകം സിനിമ തന്നെയാണെന്നും തൽക്കാലം മറ്റ് മാറ്റങ്ങളില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
തൊടുപുഴയിലെ രാഷ്ട്രീയ രംഗത്തെ തലമുറമാറ്റം ഏറെ മാതൃകാപരമാണെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ആസിഫ് അലി അഭിപ്രായപ്പെട്ടു. സഹോദരൻ അസ്കർ അലിക്കൊപ്പമാണ് താരം പോളിംഗ് സ്റ്റേഷനിലെത്തിയത്. വിയോജിപ്പുകൾ പ്രകടിപ്പിക്കാനും എല്ലാവർക്കും സ്വന്തം അഭിപ്രായം തുറന്നു പറയാനും സാധിക്കുന്ന ഒരു ഭരണകൂടമാണ് ഉണ്ടാകേണ്ടതെന്നും ആസിഫ് അലി തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി പറഞ്ഞു
.






