രാജ്യത്തെ ഹോട്ടൽ മേഖലയ്ക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകിക്കൊണ്ട് വാണിജ്യ, ഗാർഹിക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമൂസ് കടലിടുക്കിൽ ഉണ്ടായ പ്രതിസന്ധികൾക്ക് അയവ് വന്ന പശ്ചാത്തലത്തിലാണ് ഈ അനുകൂല തീരുമാനം. എണ്ണ ഇറക്കുമതി നിലവിൽ സാധാരണ നിലയിലായതായി വിലയിരുത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയം, പുതുക്കിയ നിരക്കുകൾ നിശ്ചയിക്കുന്നതിനായി എണ്ണക്കമ്പനികളുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. സിലിണ്ടറുകളുടെ പുതുക്കിയ വിലവിവരങ്ങൾ ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
പ്രതിസന്ധിയെ തുടർന്ന് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിന് ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ നീക്കുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച കേന്ദ്ര സർക്കാർ, യുദ്ധത്തിന് മുൻപുള്ള അവസ്ഥ രാജ്യത്ത് പുനഃസ്ഥാപിക്കാൻ നിർദ്ദേശവും നൽകിയിട്ടുണ്ട്. അതേസമയം, പിഎൻജി കണക്ഷൻ എടുത്തവർ അത് തന്നെ തുടർന്ന് ഉപയോഗിക്കണമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ മാറിയതിന് തൊട്ടുപിന്നാലെ വിലയും കുറയുമെന്ന വാർത്ത പുറത്തുവന്നത് വിപണിക്ക് വലിയ ഉണർവാണ് സമ്മാനിക്കുന്നത്.






