Home AutoMobile കാറിലെ കൂളന്‍റ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ പണികിട്ടും!

കാറിലെ കൂളന്‍റ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ പണികിട്ടും!

7
0

എഞ്ചിൻ തകരാറുകളും വലിയ ചെലവുകളും ഒഴിവാക്കാൻ കൂളിങ് സംവിധാനം കൃത്യമായി പരിശോധിക്കേണ്ടത് എങ്ങനെയെന്ന് അറിയാം.

കാറിന്റെ എഞ്ചിൻ ശരിയായ താപനിലയിൽ നിലനിർത്തുന്നതിൽ കൂളന്റിനുള്ള പങ്ക് വളരെ വലുതാണ്. എന്നാൽ പലപ്പോഴും എഞ്ചിൻ അമിതമായി ചൂടാകുന്നതുവരെ കൂളന്റ് ലെവൽ പരിശോധിക്കാത്തവരാണ് പലരും. വെള്ളവും ആന്റിഫ്രീസും ചേർന്ന ഈ മിശ്രിതം കുറഞ്ഞാലോ പൂർണമായി തീർന്നാലോ അത് എഞ്ചിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും.

യാത്രാവേളകളിൽ എഞ്ചിൻ അമിതമായി ചൂടാകുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്ത് നിർത്തി എഞ്ചിൻ ഓഫ് ചെയ്ത് തണുക്കാൻ അനുവദിക്കണം. ചൂടുള്ള എഞ്ചിനിലേക്ക് പെട്ടെന്ന് വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. എഞ്ചിൻ തണുത്തതിന് ശേഷം മാത്രം റേഡിയേറ്റർ ക്യാപ് തുറന്ന് കൂളന്റോ അടിയന്തര സാഹചര്യത്തിൽ വെള്ളമോ ഒഴിച്ച് അടുത്തുള്ള സർവീസ് സെന്ററിലെത്തിക്കാം.

കൂളന്റ് കുറയുന്നത് എഞ്ചിൻ അമിതമായി ചൂടാകുന്നതിനും വാഹനം പെട്ടെന്ന് നിശ്ചലമാകുന്നതിനും കാരണമാകും. ഇത് ഹെഡ് ഗാസ്കറ്റിന് കേടുപാടുകൾ വരുത്താനും, എഞ്ചിൻ ഓയിലും കൂളന്റും തമ്മിൽ കലരാനും ഇടയാക്കും. ഇത്തരം തകരാറുകൾ പരിഹരിക്കുന്നതിന് വലിയ തുക ചെലവാകാൻ സാധ്യതയുണ്ട്. കൂടാതെ ആവശ്യമായ ലൂബ്രിക്കേഷനും കൂളിങ്ങും ലഭിക്കാതെ വാട്ടർ പമ്പിന്റെ തേയ്മാനം വർധിക്കാനും, തെർമോസ്റ്റാറ്റിന്റെ തകരാർമൂലം കൂളന്റ് ശരിയായ രീതിയിൽ പ്രചരിക്കാതെ വരാനും ഇത് കാരണമാകും.

ഉയർന്ന അന്തരീക്ഷ താപനിലയുള്ള വേനൽക്കാലത്ത് എഞ്ചിനിൽ അധിക സമ്മർദ്ദമുണ്ടാകാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ വേണം. കൂളന്റ് ഇടയ്ക്കിടെ കുറയുന്നുണ്ടെങ്കിൽ അത് വീണ്ടും നിറയ്ക്കുകയല്ല വേണ്ടത്, മറിച്ച് ചോർച്ചയുണ്ടോ എന്ന് പരിശോധിച്ച് പരിഹരിക്കുകയാണ് ചെയ്യേണ്ടത്. കൂളിങ് സംവിധാനം കൃത്യമായ ഇടവേളകളിൽ പരിശോധിക്കുന്നത് വലിയ എഞ്ചിൻ തകരാറുകളും ചെലവേറിയ അറ്റകുറ്റപ്പണികളും ഒഴിവാക്കാൻ സഹായിക്കും.