ഇന്ത്യൻ വാഹന വിപണിയിൽ വലിയ ഓളം സൃഷ്ടിക്കാൻ മാരുതി സുസുക്കിയുടെ ജനപ്രിയ ഹാച്ച്ബാക്കായ ബാലെനോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് എത്തുന്നു. 2022ൽ പുറത്തിറങ്ങിയ രണ്ടാം തലമുറ ബാലെനോയുടെ ആദ്യ പ്രധാന പരിഷ്കരണമാണിത്. വിപണിയിൽ എത്തുന്നതിന് മുന്നോടിയായി നടത്തിയ പരീക്ഷണയോട്ട ചിത്രങ്ങൾ കാറിന്റെ പുറംമോടിയിലും അകത്തളത്തിലും വരാനിരിക്കുന്ന നിർണായക മാറ്റങ്ങളുടെ സൂചനകൾ നൽകിയിരുന്നു. എൻജിൻ ഉൾപ്പെടെയുള്ള യാന്ത്രിക സംവിധാനങ്ങളിലും കമ്പനി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്താണ് പ്രധാനമായും ഡിസൈൻ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. മധ്യഭാഗത്ത് ക്രോം ഫിനിഷുള്ള തിരശ്ചീന ബാറോടുകൂടിയ പുതിയ ഗ്രിൽ ഇതിൽ ഉൾപ്പെടുന്നു. ഈ ബാർ ഹെഡ്‌ലാമ്പുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിലുള്ള ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ തുടരുമ്പോഴും ബമ്പറിലും ഫോഗ് ലാമ്പ് സംവിധാനത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയ് വീലുകളും പരിഷ്കരിച്ച പിൻ ബമ്പറും പുതിയ ബാലെനോയുടെ ഡിസൈൻ പ്രത്യേകതകളിൽ ഉൾപ്പെടുന്നു.
അകത്തളത്തിലും വാഹനത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകിയിട്ടുണ്ട്. നിലവിലെ സംവിധാനത്തിന് പകരം 10.1 ഇഞ്ച് വലുപ്പമുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഇതിൽ നൽകിയിരിക്കുന്നത്. വയർലെസ് ഫോൺ ചാർജർ, പുതിയ ക്യാബിൻ തീം, പരിഷ്കരിച്ച സീറ്റിങ് അപ്ഹോൾസ്റ്ററി എന്നിവയും കാറിന് ലഭിച്ചിട്ടുണ്ട്. സിംഗിൾ പെയ്ൻ സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ലെവൽ 1 എഡിഎഎസ് സംവിധാനവും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഡാഷ്ബോർഡ് ഡിസൈൻ, ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ, എച്ച്വിഎസി നിയന്ത്രണത്തിനുള്ള ഫിസിക്കൽ നോബുകൾ എന്നിവ നിലവിലെ മോഡലിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.
എൻജിൻ സംബന്ധമായ വിഭാഗത്തിലും വലിയ പരിഷ്കാരങ്ങളാണ് വരുത്തിയിട്ടുള്ളത്. പുതിയ ബാലെനോയിൽ സ്വിഫ്റ്റിൽ ഉപയോഗിക്കുന്ന 1.2 ലിറ്റർ, 3 സിലിണ്ടർ ഇസഡ് സീരീസ് പെട്രോൾ എൻജിനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് 82 പിഎസ് കരുത്തും 112 എൻഎം ടോർക്കും നൽകുന്നു. മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകൾക്കൊപ്പം എഎംടി ഗിയർബോക്സിനൊപ്പം സിഎൻജി പവർട്രെയിൻ നൽകുന്ന മാരുതി സുസുക്കിയുടെ ആദ്യ വാഹനമായി പുതിയ ബാലെനോ മാറുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.
വിലയിൽ വലിയ വർധന ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ മോഡലിന് 5.99 ലക്ഷം രൂപ മുതൽ 9.48 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില വരുന്നത്. പുതിയ മോഡലിനും ഏകദേശം ഇതേ വിലനിലവാരം തന്നെ തുടർന്നേക്കും. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി ഐ20, ടൊയോട്ട ഗ്ലാൻസ എന്നിവയായിരിക്കും വിപണിയിൽ പുതിയ ബാലെനോയുടെ പ്രധാന എതിരാളികൾ. പുതിയ ഡിസൈനും കൂടുതൽ ഫീച്ചറുകളും പുതിയ എൻജിൻ ഓപ്ഷനുമായി എത്തുന്ന വാഹനം വിപണിയിൽ വലിയ സ്വീകാര്യത നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











