ഫ്രാൻസിന്റെ കിഴക്കൻ മേഖലയിലുള്ള ടോംബ്ലെയ്നിലെ നാൻസി എസ്സേ വിമാനത്താവളത്തിൽ സ്കൈ ഡൈവിംഗ് സംഘം സഞ്ചരിച്ച ചെറുവിമാനം തകർന്നുവീണ് പൈലറ്റും 10 യാത്രക്കാരുമടക്കം 11 പേർ കൊല്ലപ്പെട്ടു. ആദ്യമായി സ്കൈ ഡൈവിംഗ് ചെയ്യാൻ എത്തിയ പ്രിയപ്പെട്ടവരുടെ ആകാശവിസ്മയം ക്യാമറയിൽ പകർത്താൻ വിമാനത്താവളത്തിൽ കാത്തുനിന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൺമുന്നിലാണ് വിമാനം കത്തിയമർന്നത്. ഫ്രാൻസിന്റെ സ്കൈ ഡൈവിംഗ് ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്.
കൊല്ലപ്പെട്ട യാത്രക്കാരിൽ അഞ്ച് പേർ സ്കൈ ഡൈവിംഗ് ഇൻസ്ട്രക്ടർമാരും ബാക്കി അഞ്ച് പേർ ആദ്യമായി ഈ സാഹസിക വിനോദത്തിന് എത്തിയ ട്രെയിനികളുമായിരുന്നു. കഠിനമായ ഉഷ്ണതരംഗത്തിനിടയിൽ വാരാന്ത്യം ആഘോഷമാക്കാൻ ഒരു നഴ്സിംഗ് സ്ഥാപനത്തിൽ നിന്നും എത്തിയ നഴ്സുമാരാണ് അപകടത്തിൽപ്പെട്ട ട്രെയിനികളിലേറെയും. രാവിലെ പത്ത് മണിയോടെ വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഉടൻ തന്നെ വിമാനം വലതുവശത്തേക്ക് തിരിഞ്ഞ് നിയന്ത്രണംവിട്ട് താഴേക്ക് പതിക്കുകയായിരുന്നു.
വിമാനത്താവളത്തിന്റെ അവസാന ഭാഗത്തുള്ള പുൽത്തകിടിയിലാണ് വിമാനം തകർന്നുവീണത്. തൊട്ടടുത്തുള്ള ജനവാസ മേഖലയിലേക്കോ ഷോപ്പിംഗ് സെന്ററിലേക്കോ വീഴാതെ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തം ഒഴിവായത്. വിമാനം നിലംപതിച്ചയുടൻ തീപിടിച്ചതിനാൽ ഉള്ളിലുണ്ടായിരുന്നവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവരുടെ ദാരുണാന്ത്യത്തിന് ദൃക്സാക്ഷികളാകേണ്ടി വന്ന ബന്ധുക്കൾക്ക് ആവശ്യമായ മാനസികാവസ്ഥാ പിന്തുണയും കൗൺസിലിംഗും നൽകുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. സംഭവത്തിൽ പാരീസ് പ്രോസിക്യൂട്ടറുടെ ഓഫീസും വ്യോമയാന വിഭാഗവും സംയുക്തമായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



