Home kerala തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി; ഹാജർ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം കോർപ്പറേഷനിൽ യുഡിഎഫ്-ബിജെപി കൗൺസിലർമാർ തമ്മിൽ കയ്യാങ്കളി; ഹാജർ രജിസ്റ്ററിനായി പിടിവലി

7
0

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിന് പിന്നാലെ ബിജെപി, യുഡിഎഫ് അംഗങ്ങൾ തമ്മിൽ വൻ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടത്തളത്തിലിറങ്ങി പ്രതിഷേധിച്ചതാണ് സംഘർഷത്തിന് കാരണമായത്. യുഡിഎഫിന്റെ ശക്തമായ പ്രതിഷേധത്തിനിടയിലും അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം പിരിഞ്ഞതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടുപോയത്.

തുടർച്ചയായി മൂന്ന് യോഗങ്ങളിൽ പങ്കെടുത്തില്ലെങ്കിൽ കൗൺസിലർ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെടും എന്നതിനാൽ, സുഗതന് ഇന്ന് ഹാജർ രേഖപ്പെടുത്താൻ ബിജെപി ശ്രമിക്കുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ് അംഗങ്ങൾ ഹാജർ രജിസ്റ്റർ പിടിച്ചുവെക്കാൻ ശ്രമിച്ചത്. തുടർച്ചയായ രണ്ടാം യോഗത്തിലും സുഗതന് ഒപ്പിടാൻ സാധിച്ചില്ലെങ്കിൽ അത് ബിജെപിക്ക് വലിയ തിരിച്ചടിയാകുമെന്നതിനാലാണ് ഹാജർ ബുക്കിനായി ഇരുവിഭാഗവും തമ്മിൽ പിടിവലിയും രജിസ്റ്റർ കീറാനുള്ള ശ്രമവും ഉണ്ടായത്. ഇതോടെ ബിജെപി, എൽഡിഎഫ് അംഗങ്ങളും പരസ്പരം മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. ഇതിനിടയിൽ വനിതാ അംഗങ്ങളെ കയ്യേറ്റം ചെയ്തെന്നും മിനുട്സ് ബുക്ക് പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നും ആരോപിച്ച് വിദ്യാഭ്യാസ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനും ബിജെപി കൗൺസിലറുമായ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തുവന്നു. നിലവിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് കോർപ്പറേഷൻ പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.