Home Sports കൊച്ചിയിൽ ആവേശം പകരാൻ പിക്കിൾബോൾ; ‘ക്വീൻ ഓഫ് അറേബ്യൻ സീ’ ചാമ്പ്യൻഷിപ്പ് മാർച്ച് 14, 15...

കൊച്ചിയിൽ ആവേശം പകരാൻ പിക്കിൾബോൾ; ‘ക്വീൻ ഓഫ് അറേബ്യൻ സീ’ ചാമ്പ്യൻഷിപ്പ് മാർച്ച് 14, 15 തീയതികളിൽ

26
0

കൊച്ചി: കായികപ്രേമികൾക്കിടയിൽ തരംഗമായി മാറുന്ന പിക്കിൾബോളിന്റെ ആവേശം നുകരാൻ കൊച്ചി ഒരുങ്ങുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ക്വീൻ ഓഫ് അറേബ്യൻ സീ’ പിക്കിൾബോൾ ചാമ്പ്യൻഷിപ്പ് മാർച്ച് 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആദ്യത്തെ ഏഴ് ഇൻഡോർ കോർട്ട് സൗകര്യമുള്ള റാലി ലാബ്‌സിലാണ് ഈ വമ്പൻ ടൂർണമെന്റ് അരങ്ങേറുന്നത്.
ബാഡ്മിന്റൺ, ടെന്നീസ്, ടേബിൾ ടെന്നീസ് എന്നിവയുടെ മികച്ച വശങ്ങൾ കോർത്തിണക്കിയ പിക്കിൾബോൾ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായിക വിനോദങ്ങളിലൊന്നാണ്. ലളിതമായ നിയമങ്ങളും പരിക്കേൽക്കാനുള്ള സാധ്യത കുറവായതും കാരണം എല്ലാ പ്രായക്കാർക്കും ഒരുപോലെ വഴങ്ങുന്നതാണ് ഈ കളി.
‘പിക്കിൾബോൾ ആരോഗ്യത്തിനും ക്ഷേമത്തിനും’ എന്ന ലക്ഷ്യത്തോടെ ‘പിക്ക്ലേഴ്സ് ഹബ്ബ്’ ആണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. ഏത് പ്രായത്തിലുള്ളവർക്കും ഏത് നിലവാരത്തിലുള്ള കായിക താരങ്ങൾക്കും ഒരുപോലെ കളിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഹൃദയാരോഗ്യത്തിനും മികച്ച സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും ഈ വിനോദം ഏറെ സഹായിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുതിയ തലമുറയുടെ ഹരമായി പിക്കിൾബോൾ മാറിക്കഴിഞ്ഞു.അത്യാധുനിക സൗകര്യങ്ങളുള്ള റാലി ലാബ്‌സിലെ സിന്തറ്റിക് കോർട്ടുകളിലാണ് മത്സരങ്ങൾ നടക്കുന്നത്. തുടക്കക്കാർക്കായി പിക്ക്ലേഴ്സ് ഹബ്ബ് പ്രത്യേക പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു.