Home Trending ഹോർമുസ് കടലിടുക്ക് തുറക്കും: അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ; മധ്യസ്ഥനായി പാകിസ്ഥാൻ

ഹോർമുസ് കടലിടുക്ക് തുറക്കും: അമേരിക്ക-ഇറാൻ വെടിനിർത്തൽ ധാരണ; മധ്യസ്ഥനായി പാകിസ്ഥാൻ

47
0

ടെഹ്റാൻ: പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധഭീഷണികൾക്ക് താൽക്കാലിക ആശ്വാസം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വെച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് ഇറാൻ അംഗീകാരം നൽകി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ലോകം ഉറ്റുനോക്കിയ ഈ നിർണ്ണായക തീരുമാനം ഉണ്ടായത്. കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇറാൻ സൈന്യത്തിന്റെ സഹായത്തോടെ ഉടൻ തുറന്നുകൊടുക്കും.

ലോക നാഗരികത തന്നെ ഇന്ന് രാത്രി ഇല്ലാതാകുമെന്ന കടുത്ത മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി മണിക്കൂറുകൾക്കകമാണ് അപ്രതീക്ഷിതമായി വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാഴ്ചത്തേക്ക് ശത്രുത അവസാനിപ്പിക്കാനും ഈ സമയം കൊണ്ട് ഇറാനുമായി ഒരു അന്തിമ സമാധാന കരാറിലെത്താനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. പാക് പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയും ചർച്ചകൾക്കായി അമേരിക്ക മുന്നോട്ട് വെച്ച പതിനഞ്ചിന നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഈ പിന്മാറ്റമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

ഇറാൻ മുന്നോട്ട് വെച്ച പത്തിനം നിർദ്ദേശങ്ങളുടെ പൊതു ചട്ടക്കൂട് അംഗീകരിക്കാൻ അമേരിക്ക തയ്യാറായ പശ്ചാത്തലത്തിലാണ് തങ്ങളുടെ തീരുമാനമെന്ന് അരാഗ്ചി പറഞ്ഞു. ഇറാന് നേരെയുള്ള ആക്രമണങ്ങൾ പൂർണ്ണമായും നിർത്തലാക്കുകയാണെങ്കിൽ തങ്ങളുടെ സായുധ സേന പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇറാൻ സൈന്യത്തിന്റെ ഏകോപനത്തോടെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം വരും ദിവസങ്ങളിൽ പുനഃസ്ഥാപിക്കുമെന്നും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

വൻശക്തികൾക്കിടയിലെ ഈ താൽക്കാലിക വെടിനിർത്തൽ ആഗോള വിപണിയിലും വലിയ ചലനങ്ങളുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്.