Home kerala പ്രിയദർശിനി പദ്ധതി കുടുംബ ബജറ്റിന് കരുത്താകും; ലാഭനഷ്ടക്കണക്കല്ല പ്രധാനം: നിയമസഭയിൽ മന്ത്രി സി.പി. ജോൺ

പ്രിയദർശിനി പദ്ധതി കുടുംബ ബജറ്റിന് കരുത്താകും; ലാഭനഷ്ടക്കണക്കല്ല പ്രധാനം: നിയമസഭയിൽ മന്ത്രി സി.പി. ജോൺ

7
0

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്രാപിത ലക്ഷ്യങ്ങളിലൊന്നായ ‘പ്രിയദർശിനി’ സൗജന്യ വനിതാ യാത്രാ പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പങ്കുവെച്ച് ഗതാഗത മന്ത്രി സി.പി. ജോൺ. സംസ്ഥാനത്ത് പ്രതിദിനം അഞ്ച് ലക്ഷത്തോളം സ്ത്രീകൾ ഈ പദ്ധതി വഴി സൗജന്യമായി യാത്ര ചെയ്യുന്നുണ്ടെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു.

പദ്ധതി നടപ്പിലാക്കുന്നതിലൂടെ സർക്കാരിന് പ്രതിദിനം രണ്ട് കോടി അമ്പത് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. എന്നാൽ, ഇതിനെ വെറുമൊരു ലാഭനഷ്ടക്കണക്കായി കാണരുതെന്ന് മന്ത്രി വ്യക്തമാക്കി.

കുടുംബ ബജറ്റിന് ആശ്വാസം
സഭയിൽ സംസാരിക്കവേ മന്ത്രി സി.പി. ജോൺ പദ്ധതിയുടെ സാമൂഹിക സാമ്പത്തിക വശങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞു:”ഈ പദ്ധതി കേവലം സ്ത്രീകൾക്ക് മാത്രമുള്ളതല്ല, മറിച്ച് ഓരോ കുടുംബത്തിന്റെയും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന ഒന്നാണ്. യാത്രയ്ക്കായി മാറ്റിവെച്ചിരുന്ന തുക ലാഭിക്കാൻ കഴിയുന്നതിലൂടെ കുടുംബ ബജറ്റുകൾ കൂടുതൽ ശക്തമാകും. സ്ത്രീ ശാക്തീകരണത്തിനൊപ്പം സാധാരണക്കാരായ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്താനും ഇത് സഹായിക്കും.”

കെ.എസ്.ആർ.ടി.സി ഓർഡിനറി സർവീസുകളിൽ സ്ത്രീകൾക്ക് പൂർണ്ണമായും സൗജന്യ യാത്ര ഉറപ്പാക്കുന്ന ഈ പദ്ധതി വലിയ ജനപിന്തുണയോടെയാണ് മുന്നോട്ട് പോകുന്നത്. യാത്രാ ചിലവിൽ നിന്നുള്ള സമ്പാദ്യം മറ്റ് വിപണികളിലേക്ക് എത്തി സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഉത്തേജനമാകുമെന്നും ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു.