വൈക്കം: ഉപജീവനമാർഗം പാർട്ടി നേതാക്കൾ തടസ്സപ്പെടുത്തിയെന്ന ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് വൈക്കം തലയാഴത്ത് കർഷകൻ സി.പി.ഐ ലോക്കൽ കമ്മിറ്റി ഓഫീസിനുള്ളിൽ തൂങ്ങിമരിച്ചു. കർഷകനും കാർഷിക ഗവേഷകനുമായ ചെല്ലപ്പൻ പുളിക്കശേരിയാണ് പാർട്ടി ഓഫീസിനുള്ളിൽ ജീവനൊടുക്കിയത്. സി.പി.ഐ ജില്ലാ, പ്രാദേശിക നേതാക്കൾ തന്റെ കൃഷി നശിപ്പിച്ചെന്നും ഉൽപ്പന്നങ്ങളുടെ വിപണനം തടഞ്ഞുവെന്നും ആരോപിച്ചാണ് ഇദ്ദേഹം കടുത്ത തീരുമാനമെടുത്തത്.
തന്റെ ദുരവസ്ഥയ്ക്ക് ഉത്തരവാദികൾ പാർട്ടി നേതാക്കളാണെന്ന് ചെല്ലപ്പൻ മുൻപ് സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. കൃഷിമന്ത്രി പി. പ്രസാദിനെ കണ്ട് പരാതി അറിയിക്കാൻ പലതവണ ശ്രമിച്ചെങ്കിലും പാർട്ടി നേതാക്കൾ ഇടപെട്ട് അതിനുള്ള അനുമതി നിഷേധിച്ചതായും ഇദ്ദേഹം ആരോപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തനിക്കെതിരെ കടുത്ത പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ഭീഷണിയുണ്ടായിരുന്നതായും അവസാനമായി പങ്കുവെച്ച വീഡിയോയിൽ ഇദ്ദേഹം വ്യക്തമാക്കുന്നു.
സംഭവം അറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും വലിയ പ്രതിഷേധത്തിലാണ്. റവന്യൂ ഡിവിഷണൽ ഓഫീസർ (ആർ.ഡി.ഒ) നേരിട്ടെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാതെ മൃതദേഹം താഴെയിറക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് ഇവർ. കർഷകന്റെ ആത്മഹത്യ വൈക്കത്തെ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.



