Home kerala കൊട്ടാരക്കരയിൽ ദുരന്തം വിതച്ച ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി...

കൊട്ടാരക്കരയിൽ ദുരന്തം വിതച്ച ടിപ്പർ അപകടം: ഡ്രൈവർക്ക് ലൈസൻസില്ല, ജിപിഎസ് ഓഫാക്കി; ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

3
0

കൊട്ടാരക്കര നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ പുറത്തുവരുന്നത് അതീവ ഗുരുതരമായ നിയമലംഘനങ്ങൾ. അപകടമുണ്ടാക്കിയ ലോറി ഓടിച്ചിരുന്ന ഡ്രൈവർക്ക് ഹെവി വാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും, അപകടസമയത്ത് വാഹനത്തിലെ ജിപിഎസ് സംവിധാനം ബോധപൂർവ്വം ഓഫാക്കിയിരുന്നുവെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ വ്യക്തമാക്കി. ഗൾഫിൽ നിന്നും ഒരു മാസം മുൻപ് നാട്ടിലെത്തിയ ആളാണ് വൻ ദുരന്തത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നത്. അമിതവേഗതയാണ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് ലോറി പാഞ്ഞുകയറാൻ കാരണമായത്.

അപകടത്തിൽപ്പെട്ട ലോറിയെക്കുറിച്ച് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. പതിനേഴ് വർഷത്തോളം പഴക്കമുള്ള ഈ വാഹനം മുൻപും നിരവധി തവണ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ലോറിക്ക് പുതിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെങ്കിലും നിലവിൽ വാഹനത്തിന് ഗുരുതരമായ ഫിറ്റ്നസ് തകരാറുകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആർടിഒ ലോറിയുടെ ഫിറ്റ്നസ് റദ്ദാക്കുകയും, കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചാണോ ഇതിന് മുൻപ് ഫിറ്റ്നസ് അനുവദിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

മണ്ണ് കയറ്റി വന്ന ലോറി ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. കുടവട്ടൂർ സ്വദേശി ഹരിലാൽ, കാർമൽ സ്കൂളിലെ വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം സ്വദേശി അജയകുമാർ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്കും ടിപ്പർ ഡ്രൈവർ നിസാമിനും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രി, ഗോകുലം മെഡിക്കൽ കോളേജ്, മെഡിസിറ്റി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ചികിത്സയിലുള്ള രണ്ട് വിദ്യാർത്ഥികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.