റെക്കോർഡ് നേട്ടങ്ങളോടെ ഓഹരി വിപണിയിൽ അരങ്ങേറ്റം കുറിച്ച ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് (SpaceX) വൻ തിരിച്ചടി. വെറും മൂന്ന് വ്യാപാര ദിനങ്ങൾ കൊണ്ട് കമ്പനിയുടെ വിപണി മൂല്യത്തിൽ 600 ബില്യൺ ഡോളറിലധികം (ഏകദേശം 57 ലക്ഷം കോടി രൂപ) ഇടിവാണ് രേഖപ്പെടുത്തിയത്. ഈ നഷ്ടത്തിന്റെ വലിപ്പം വ്യക്തമാകാൻ ഇന്ത്യൻ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയുടെയും ഗൗതം അദാനിയുടെയും ആകെ സമ്പത്തുമായി താരതമ്യം ചെയ്താൽ മതിയാകും. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം ഇരുവരുടെയും ആകെ സ്വത്തിന്റെ മൂന്നിരട്ടിയോളം വരും സ്പേസ് എക്സിനുണ്ടായ ഈ ഭീമമായ നഷ്ടം. നിലവിൽ മുകേഷ് അംബാനിയുടെ ആസ്തി 88.3 ബില്യൺ ഡോളറും ഗൗതം അദാനിയുടേത് 120 ബില്യൺ ഡോളറുമാണ്.
തിങ്കളാഴ്ച മാത്രം സ്പേസ് എക്സ് ഓഹരി വില 16 ശതമാനം ഇടിഞ്ഞ് 154.60 ഡോളറിലെത്തി. കമ്പനി ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. ഇതോടെ മൂന്ന് ദിവസത്തെ ആകെ ഓഹരി ഇടിവ് 23 ശതമാനമായി ഉയർന്നു. എങ്കിലും, 2 ട്രില്യൺ ഡോളറിലധികം വിപണി മൂല്യമുള്ള സ്പേസ് എക്സ് ഇപ്പോഴും ലോകത്തിലെ ഏറ്റവും മൂല്യമുള്ള മുൻനിര കമ്പനികളിലൊന്നായി തുടരുകയാണ്.
തകർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ
75 ബില്യൺ ഡോളർ സമാഹരിച്ച ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒയ്ക്ക് (IPO) ശേഷമാണ് ഈ അപ്രതീക്ഷിത ഇടിവ്. തുടക്കത്തിൽ റോക്കറ്റുകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, എഐ (AI) സാങ്കേതികവിദ്യ എന്നിവയിലുള്ള മസ്കിന്റെ മുന്നേറ്റം കണ്ട് ചെറുകിട നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വാങ്ങി കൂട്ടിയിരുന്നു. ആദ്യ അഞ്ച് ദിവസങ്ങളിൽ മാത്രം 405 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് റീട്ടെയിൽ നിക്ഷേപകരിൽ നിന്ന് എത്തിയത്. എന്നാൽ ഓഹരി വില പെട്ടെന്ന് ഉയർന്നതോടെ നിക്ഷേപകർ വൻതോതിൽ ലാഭമെടുപ്പ് (Profit-booking) തുടങ്ങിയതാണ് ഇപ്പോഴത്തെ വിലയിടിവിന് ഒരു കാരണം.
മറ്റൊരു പ്രധാന ഘടകം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലേക്കുള്ള കമ്പനിയുടെ വൻ നിക്ഷേപങ്ങളെക്കുറിച്ചുള്ള ആശങ്കകളാണ്. എഐ ആവശ്യങ്ങൾക്കായി ബോണ്ട് വിൽപ്പനയിലൂടെ 20 ബില്യൺ ഡോളർ സമാഹരിക്കാൻ സ്പേസ് എക്സ് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കൂടാതെ, ‘റിഫ്ലെക്ഷൻ എഐ’ (Reflection AI) എന്ന സ്റ്റാർട്ടപ്പുമായി കോടിക്കണക്കിന് ഡോളറിന്റെ കരാറിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്. എഐ മേഖലയിലെ ഈ അതിശക്തമായ പരീക്ഷണങ്ങളും ഭീമമായ ചിലവുകളും നിക്ഷേപകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.






