Home kerala മേയർകസേര ഇളകുന്നു; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്, എൽഡിഎഫ് നിലപാട് നിർണായകം

മേയർകസേര ഇളകുന്നു; തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭരണത്തിനെതിരെ അവിശ്വാസ പ്രമേയത്തിന് യുഡിഎഫ്, എൽഡിഎഫ് നിലപാട് നിർണായകം

6
0

തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നു. ബിജെപി നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ യുഡിഎഫ് നീക്കമാരംഭിച്ചു. ഈ നീക്കത്തിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിച്ചാൽ തലസ്ഥാനത്തെ ബിജെപി ഭരണം താഴെവീഴുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. വരുന്ന തിങ്കളാഴ്ച കൗൺസിൽ യോഗം ചേരാനിരിക്കെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് എൽഡിഎഫിന്റെ അടുത്ത ചുവടുവെപ്പിലേക്കാണ്.

എന്നാൽ കോർപ്പറേഷനിൽ നാടകീയമായ ഒത്തുകളിയാണ് നടക്കുന്നതെന്നാണ് ബിജെപിയുടെ ആരോപണം. എൽഡിഎഫും യുഡിഎഫും ഒത്തുചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ ഭാഗമാണ് കഴിഞ്ഞദിവസം കൗൺസിലിൽ ഉണ്ടായ സംഘർഷങ്ങളെന്ന് ബിജെപി നേതൃത്വം കുറ്റപ്പെടുത്തുന്നു. നേരത്തെ കൗൺസിൽ യോഗം നീട്ടിവെച്ചതിനെതിരെ ഇരുമുന്നണികളും ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്നാണ് യോഗം തിങ്കളാഴ്ചത്തേക്ക് മാറ്റാൻ തീരുമാനിച്ചത്.

വിവാദങ്ങൾക്ക് ആധാരം ബിജെപി കൗൺസിലറായ ആർ. സുഗതനെതിരെയുള്ള കാപ്പ കേസാണ്. നിലവിൽ ജയിലിൽ കഴിയുന്ന സുഗതനെ കൗൺസിലർ സ്ഥാനത്തുനിന്ന് അടിയന്തരമായി നീക്കണമെന്ന് എൽഡിഎഫും യുഡിഎഫും ഒരുപോലെ ആവശ്യപ്പെടുന്നു. സുഗതനെതിരെ കാപ്പ ചുമത്തിയ നടപടിക്ക് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി അംഗീകാരം നൽകിയിരുന്നു. മാത്രമല്ല, ഇദ്ദേഹത്തിന്റെ സത്യപ്രതിജ്ഞ അസാധുവാണെന്ന കണ്ടെത്തലും വന്നിട്ടുണ്ട്.

അതേസമയം, ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് സുഗതൻ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതിനൊപ്പം കാപ്പ നിയമത്തിൽ ഇളവ് തേടി കാപ്പാ ബോർഡിനും അപേക്ഷ നൽകും. പതിനാല് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദേശിച്ചിട്ടുള്ളത്. എന്നാൽ ഈ പുനർസത്യപ്രതിജ്ഞാ നീക്കം ചട്ടവിരുദ്ധമാണെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരും നിയമോപദേശം തേടാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ചത്തെ കൗൺസിൽ യോഗം തലസ്ഥാന നഗരസഭയുടെ ഭരണതുടർച്ചയിൽ നിർണായകമായി മാറും.