Home National വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി നടേശൻ്റെ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

19
0

ശ്രീ നാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി) ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാജ്യം നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. ഒരാൾക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന ഒറ്റക്കാരണത്താൽ അയാളെ കുറ്റക്കാരനായി കാണാൻ കഴിയില്ലെന്ന് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസുകളിൽ ഇതുവരെയും വിചാരണ പൂർത്തിയായിട്ടില്ലെന്നും കോടതി കണ്ടെത്തി. മാത്രമല്ല, അദ്ദേഹം പ്രതിയായ ചില കേസുകളിലെ തുടർനടപടികൾ സുപ്രീംകോടതി നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

ഭാവിയിൽ ഒരു വ്യക്തി കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയിക്കപ്പെടുകയോ അല്ലെങ്കിൽ മറ്റ് അനുയോജ്യമായ സാഹചര്യങ്ങൾ വരികയോ ചെയ്താൽ, നൽകിയ ബഹുമതി റദ്ദാക്കാനുള്ള പൂർണ്ണ അധികാരം രാജ്യത്തിൻ്റെ രാഷ്ട്രപതിക്കുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.