Home cinema പോഞ്ഞിക്കരയും പ്യാരിയും രാമൻകുട്ടിയും വീണ്ടും തിയേറ്ററുകളിലേക്ക്; ചിരിയുടെ പൂരം തീർക്കാൻ 4K അറ്റ്മോസിൽ ‘കല്യാണരാമൻ’!

പോഞ്ഞിക്കരയും പ്യാരിയും രാമൻകുട്ടിയും വീണ്ടും തിയേറ്ററുകളിലേക്ക്; ചിരിയുടെ പൂരം തീർക്കാൻ 4K അറ്റ്മോസിൽ ‘കല്യാണരാമൻ’!

2
0
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്ലാസിക് കോമഡി എന്റർടെയ്നറുകളിൽ ഒന്നായ ‘കല്യാണരാമൻ’ വീണ്ടും ബിഗ് സ്ക്രീനുകളിലേക്ക് എത്തുന്നു. ജനപ്രിയ നായകൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് വലിയൊരു വിരുന്നായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ 4K അറ്റ്മോസ് റീ-റിലീസ് പോസ്റ്റർ പുറത്തുവിട്ടു. രണ്ടു പതിറ്റാണ്ടിലേറെയായി മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ മികച്ച ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക ദൃശ്യ-ശ്രവ്യ മികവോടെ വീണ്ടും തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്.
സമീപകാലത്ത് പഴയ സൂപ്പർഹിറ്റ് സിനിമകൾ പുത്തൻ സാങ്കേതികവിദ്യയോടെ റീ-റിലീസ് ചെയ്യുന്ന ട്രെൻഡിന് വലിയ വരവേൽപ്പാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. മലയാളത്തിൽ ‘ദേവദൂതൻ’, ‘ചോട്ടാ മുംബൈ’, ‘കിരീടം’ തുടങ്ങിയ ചിത്രങ്ങൾ 4K രൂപത്തിൽ എത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഇതേ മാതൃകയിൽ ഈ ചിത്രങ്ങളുടെയെല്ലാം മാസ്റ്ററിംഗ് വിജയകരമായി പൂർത്തിയാക്കിയ പ്രശസ്ത സ്ഥാപനമായ ഹൈ സ്റ്റുഡിയോസ് തന്നെയാണ് ‘കല്യാണരാമൻ’ ചിത്രവും 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ മികവിലും റീമാസ്റ്റർ ചെയ്ത് തീയേറ്ററുകളിൽ എത്തിക്കുന്നത്.
2002-ൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ പ്രശസ്ത നടനും നിർമ്മാതാവുമായ ലാൽ ആണ് നിർമ്മിച്ചത്. വീണ്ടും തിയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്നത് മലയാളി പോപ്പ് കൾച്ചറിലെ തന്നെ ഐക്കോണിക് കഥാപാത്രങ്ങളായ രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും തമ്മിലുള്ള അവിസ്മരണീയ കോമ്പിനേഷൻ രംഗങ്ങൾ വലിയ സ്ക്രീനിൽ വീണ്ടും കാണാൻ വേണ്ടിയാണ്. ദിലീപ്, ഇന്നസെന്റ്, സലിം കുമാർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന കോമഡി രംഗങ്ങൾ തിയേറ്ററുകളിൽ വൻ ചിരിതരംഗം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.
ദിലീപ് നായകനായ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജോതിർമയി എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലാണ് എത്തിയത്. ഇവരെക്കൂടാതെ ലാലു അലക്സ്, ലാൽ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ മനോഹര ഗാനങ്ങൾക്ക് പ്രശസ്ത സംഗീത ജോഡികളായ ബേണി-ഇഗ്നേഷ്യസ് ആണ് ഈണം പകർന്നത്. പി. സുകുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തത് ഹരിഹരപുത്രൻ ആണ്.  ഈ ചിത്രം വീണ്ടും തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കാൻ സജ്ജമായിക്കഴിഞ്ഞു.