ബ്രിട്ടനിൽ രാഷ്ട്രീയ അട്ടിമറി. ജനപിന്തുണയിലെ വൻ ഇടിവും ലേബർ പാർട്ടിക്കുള്ളിലെ കടുത്ത ആഭ്യന്തര കലഹവും മുൻനിർത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ രാജിവെച്ചു. പ്രധാനമന്ത്രി പദവിക്ക് പുറമെ ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം ഒഴിഞ്ഞിട്ടുണ്ട്. തൻ്റെ രാജിക്കത്ത് ചാൾസ് മൂന്നാമൻ രാജാവിന് കൈമാറിയതായും പുതിയ പ്രധാനമന്ത്രി ചുമതലയേൽക്കുന്നത് വരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്നും സ്റ്റാർമർ മാധ്യമങ്ങളെ അറിയിച്ചു.
അടുത്തിടെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിൽ നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടിക്ക് കനത്ത പരാജയമാണ് നേരിട്ടത്. 1999-ന് ശേഷം ആദ്യമായി വെയിൽസ് പാർലമെൻ്റിൻ്റെ നിയന്ത്രണം പാർട്ടിക്ക് നഷ്ടമായത് വലിയ തിരിച്ചടിയായി മാറി. ഇതിന് പുറമെ ഭരണം ഒരു വർഷം പിന്നിട്ടപ്പോഴേക്കും ഉയർന്നുവന്ന വിവിധ വിവാദങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. ഇതോടെ സ്റ്റാർമർ മാറണമെന്ന ആവശ്യവുമായി എഴുപതിലധികം ലേബർ പാർട്ടി എംപിമാർ പരസ്യമായി രംഗത്തെത്തി. ആദ്യം രാജി വെക്കാൻ വിസമ്മതിച്ചെങ്കിലും, സ്വന്തം പാർട്ടിയുടെ ജനപ്രതിനിധികൾ പൂർണ്ണമായും കൈവിട്ടതോടെ കിയർ സ്റ്റാർമർക്ക് പദവി ഒഴിഞ്ഞുകൊടുക്കേണ്ടി വരികയായിരുന്നു.
2024-ൽ കൺസർവേറ്റീവ് പാർട്ടിയുടെ 14 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച്, വൻ ഭൂരിപക്ഷത്തോടെയാണ് കിയർ സ്റ്റാർമറുടെ നേതൃത്വത്തിൽ ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലേറിയത്. എന്നാൽ രണ്ട് വർഷം തികയ്ക്കാൻ സാധിക്കാതെ, ഒടുവിൽ 58-ാമത് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് പടിയിറങ്ങേണ്ടി വന്നിരിക്കുകയാണ്.






