Home Sports ചെപ്പോക്കിനെ നിശബ്ദമാക്കി പഞ്ചാബ് ഗർജ്ജനം: ചെന്നൈയെ തകർത്ത് പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പിൽ

ചെപ്പോക്കിനെ നിശബ്ദമാക്കി പഞ്ചാബ് ഗർജ്ജനം: ചെന്നൈയെ തകർത്ത് പഞ്ചാബ് കിങ്‌സ് വിജയക്കുതിപ്പിൽ

18
0

ചെന്നൈ സൂപ്പർ കിങ്‌സിന്റെ കോട്ടയായ ചെപ്പോക്കിൽ ജയം പിടിച്ചെടുത്ത് പഞ്ചാബ് കിങ്‌സ് സീസണിലെ തങ്ങളുടെ രണ്ടാം വിജയം ആഘോഷിച്ചു. ചെന്നൈ ഉയർത്തിയ 210 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം എട്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് മറികടന്നു.

ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ നായകമികവും ബാറ്റിങ് നിരയുടെ ഒത്തൊരുമയുമാണ് പഞ്ചാബിന് കരുത്തായത്. ഇതോടെ സ്വന്തം തട്ടകത്തിൽ നടന്ന സീസണിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും ചെന്നൈക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്‌സ് യുവതാരം ആയുഷ് മാത്രെയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് 209 റൺസ് അടിച്ചുകൂട്ടിയത്. 43 പന്തിൽ 73 റൺസ് നേടിയ മാത്രെയും, അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെയും (28 പന്തിൽ 45*) ചെന്നൈ സ്കോർ 200 കടത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

സർഫറാസ് ഖാൻ 12 പന്തിൽ 32 റൺസെടുത്ത് വേഗത്തിൽ സ്കോർ ഉയർത്തിയപ്പോൾ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് 28 റൺസ് നേടി. എന്നാൽ സൂപ്പർ താരം സഞ്ജു സാംസൺ ഏഴ് റൺസെടുത്ത് വീണ്ടും നിരാശപ്പെടുത്തി.

മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്‌സിന് സ്ഫോടനാത്മകമായ തുടക്കമാണ് ഓപ്പണർ പ്രിയാൻഷ് ആര്യ നൽകിയത്. വെറും 11 പന്തിൽ 39 റൺസ് നേടിയ താരം ചെന്നൈ ബൗളർമാരെ നിലംപരിശാക്കി. തുടർന്ന് വന്ന പ്രഭ്സിമ്രാൻ സിങ് (43), കൂപ്പർ കൊനോലി (36) എന്നിവർ മികച്ച അടിത്തറയിട്ടു. 29 പന്തിൽ 50 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ഇന്നിങ്‌സ് പഞ്ചാബിന്റെ വിജയം സുരക്ഷിതമാക്കി.

നെഹാൽ വധേര, ശശാങ്ക് സിങ്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. പഞ്ചാബിനായി വിജയ്കുമാർ വൈശാഖ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ചെന്നൈ നിരയിൽ മാറ്റ് ഹെന്റിയും അൻഷുൽ കംബോജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.