കേരളത്തിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ശതകോടികളുടെ വിദേശ നിക്ഷേപത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്സർലൻഡിലെ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) 13,000 കോടി രൂപയാണ് വിഴിഞ്ഞത്ത് നിക്ഷേപിക്കുന്നത്. അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എ.വി.പി.പി.എൽ) 49 ശതമാനം ഓഹരികൾ എം.എസ്.സിയുടെ ടെർമിനൽ വിഭാഗമായ ടി.ഐ.എൽ സ്വന്തമാക്കുന്നതോടെയാണിത്. 27,000 കോടി രൂപ വിപണി മൂല്യം കണക്കാക്കുന്ന തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ പങ്കാളിത്തമാണിത്. ഉടൻ തന്നെ സർക്കാർ അനുമതിക്കായി അദാനി ഗ്രൂപ്പ് അപേക്ഷ നൽകും.
പുതിയ നിക്ഷേപത്തോടെ വിഴിഞ്ഞം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വൻ വേഗത കൈവരും. ഇതിന്റെ ഭാഗമായി 21 ഷിപ് ടു ഷോർ ക്രെയിനുകളും 45 യാർഡ് ക്രെയിനുകളും കൂടി സജ്ജമാക്കുന്നതോടെ 3,500 കോടി രൂപയുടെ വികസനമാണ് ലക്ഷ്യമിടുന്നത്. നിലവിലെ 16 ലക്ഷം ടി.ഇ.യുവിലുള്ള ചരക്കുനീക്ക ശേഷി 3.5 മടങ്ങ് വർദ്ധിച്ച് 57 ലക്ഷം ടി.ഇ.യുവിലേക്ക് ഉയരും. ഗുജറാത്തിലെ മുന്ദ്ര, തമിഴ്‌നാട്ടിലെ എന്നൂർ എന്നിവയ്ക്ക് ശേഷം ഇരു കമ്പനികളും കൈകോർക്കുന്ന മൂന്നാമത്തെ തുറമുഖമാകും വിഴിഞ്ഞം. ഈ പങ്കാളിത്തം ചരക്കുനീക്കത്തിൽ വലിയ സ്ഥിരതയും വളർച്ചയും ഉറപ്പാക്കുമെന്ന് അദാനി പോർട്ട്സ് സി.ഇ.ഒ അശ്വനി ഗുപ്‌ത വ്യക്തമാക്കി.
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്പ്മെന്റ് ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ അയൽരാജ്യമായ ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തിന്റെ പ്രാമുഖ്യം കുറയുമെന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശ് മുതൽ ആഫ്രിക്ക വരെയുള്ള വ്യാപാരപാതകളിൽ വിഴിഞ്ഞത്തിന് വലിയ സ്വാധീനമുണ്ടാകും. പ്രത്യേകിച്ചും ബംഗ്ലാദേശിൽ നിന്നുള്ള എം.എസ്.സിയുടെ ചരക്കുനീക്കം ഇനി വിഴിഞ്ഞം കേന്ദ്രീകരിച്ചായിരിക്കും. 900-ലധികം കപ്പലുകളുള്ള എം.എസ്.സി ഗ്രൂപ്പിന് അഞ്ച് ഭൂഖണ്ഡങ്ങളിലായി നൂറിലധികം കണ്ടെയ്നർ ടെർമിനലുകളുണ്ട്. പ്രവർത്തനം ആരംഭിച്ച് വെറും 18 മാസത്തിനുള്ളിൽ 20 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്ത വിഴിഞ്ഞം തുറമുഖം കഴിഞ്ഞ ആഴ്ച 1000-ാമത്തെ കപ്പലിനെയും വരവേറ്റിരുന്നു. ഇന്ത്യയിലെ മറ്റ് തുറമുഖങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന നിരക്കിൽ ഭീമൻ കപ്പലുകളെ വിജയകരമായി നിയന്ത്രിച്ചാണ് വിഴിഞ്ഞം ഈ ആഗോള നേട്ടത്തിലേക്ക് കുതിക്കുന്നത്.







