തമിഴ് മണ്ണിൽ ദ്രാവിഡ രാഷ്ട്രീയത്തിൻ്റെ അന്ത്യം കുറിക്കുമോ എന്ന ചോദ്യമുയർത്തി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ പടയോട്ടം നടത്തുന്നു.
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ ഡിഎംകെ സഖ്യത്തെയും പ്രതിപക്ഷമായ എഐഎഡിഎംകെയെയും അപ്രസക്തമാക്കി 103 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. തമിഴ്‌നാടിൻ്റെ രാഷ്ട്രീയ ചരിത്രത്തെ തന്നെ മാറ്റിമറിക്കുന്ന ഈ മുന്നേറ്റം നിലവിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ്‍യുടെ പാർട്ടിയെ മാറ്റിയിരിക്കുകയാണ്.
ആദ്യഘട്ട സൂചനകൾ പ്രകാരം ഭരണകക്ഷിയായ ഡിഎംകെ സഖ്യം 53 സീറ്റുകളിലും എഐഎഡിഎംകെ സഖ്യം 78 സീറ്റുകളിലും മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ചെന്നൈ നഗരം ഒഴികെയുള്ള സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളിലും ഡിഎംകെയെ നിഷ്പ്രഭമാക്കാൻ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് സാധിച്ചു. എടപ്പാടി പളനിസ്വാമിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറൻ തമിഴ്‌നാട്ടിലും വടക്കൻ ജില്ലകളിലും എഐഎഡിഎംകെ നേരിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനമൊട്ടാകെ ടിവികെ തരംഗം ആഞ്ഞടിക്കുകയാണ്.
വോട്ട് വിഹിതത്തിൽ ഉണ്ടായ വലിയ മാറ്റമാണ് ദ്രാവിഡ പാർട്ടികളെ ഞെട്ടിക്കുന്നത്. ഡിഎംകെ സഖ്യത്തിനൊപ്പം 32 ശതമാനം വോട്ട് വിഹിതം ടിവികെയും നേടിയപ്പോൾ എഐഎഡിഎംകെ സഖ്യം 30 ശതമാനത്തിലേക്ക് ചുരുങ്ങി. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകളിലേക്ക് വിജയ് അടുത്തു കൊണ്ടിരിക്കുകയാണ്.
പതിറ്റാണ്ടുകളായി തമിഴ്‌നാട് ഭരിച്ച ദ്രാവിഡ പാർട്ടികളുടെ വോട്ടുബാങ്കിൽ വലിയ വിള്ളലുണ്ടാക്കാൻ ടിവികെയ്ക്ക് സാധിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. വരും മണിക്കൂറുകളിലും ഈ ട്രെൻഡ് തുടർന്നാൽ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ യുഗപ്പിറവിക്കായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക.






