Home kerala വാൽപ്പാറ അപകടം; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി; ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച്...

വാൽപ്പാറ അപകടം; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി; ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍

5
0

വാൽപ്പാറ ദുരന്തത്തിന് ഇരകളായ ആറ് അധ്യാപകർ ഉൾപ്പെടെ ഒമ്പത് പേർക്ക് കണ്ണീരോടെ നാട് വിട ചൊല്ലി. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതുദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങൾ ഒഴുകിയെത്തുന്നതായിരുന്നു കാഴ്ച. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി. മൂന്നു പള്ളികളിലായാണ് ഏഴു പേർക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. സ്കൂളിലെ പ്രധാനാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തി തീരത്തും ആശയുടേത് കൊളത്തൂരിൽ വീട്ടുവളപ്പിലുമാണ് നടന്നത്. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചിച്ചു.

ഒരു നാട് കണ്ണീര്‍പുഴയായ കാഴ്ചയായിരുന്നു അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കണ്ടത്. കണ്ണീരും വിലാപവും നിറഞ്ഞ ഒരു രാത്രി പിന്നിട്ട് പുലർച്ചെ ആയപ്പോഴേക്കും പാങ്ങ് ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിന്റെ മൈതാനത്തേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. പുലർച്ചെ വരെ നീണ്ട പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഒൻപത് പേരുടെയും ഭൗതിക ശരീരങ്ങളും വഹിച്ചുള്ള ആംബുലൻസുകൾ പുറപ്പെട്ടതായി പൊള്ളാച്ചിയിൽ നിന്ന് വിവരം ലഭിച്ചതോടെ, പ്രിയപ്പെട്ടവരെ ഏറ്റുവാങ്ങാനായി നാട് തയ്യാറെടുപ്പ് തുടങ്ങി.

ആരും പ്രേരിപ്പിക്കാതെ, ആരുടെയും നിർദ്ദേശത്തിന് കാത്തുനിൽക്കാതെ ജനക്കൂട്ടം വരിവരിയായി മൈതാനത്തിന്റെ ഓരം ചേർന്ന് നിന്നു. ഇതിനിടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ പലരും പലവട്ടം വിതുമ്പി. മലപ്പുറം പാങ്ങിലെ അമ്പലപ്പറമ്പ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് പ്രിയപ്പെട്ടവർക്ക് വിട ചൊല്ലുന്നത് നെഞ്ചുപൊട്ടുന്ന വേദനയോടെയാണ് മലയാളികൾ കണ്ടുനിന്നത്. പ്രിയ അധ്യാപകർക്ക് യാത്രാമൊഴി പറയാനായി യൂണിഫോമിൽ എത്തിയ പാങ്ങ് എൽ.പി സ്കൂളിലെ കൊച്ചു കുട്ടികൾ വലിയ സങ്കടക്കാഴ്ചയായി.

ഒൻപത് മണിയോടെ ദുരന്തത്തിൽ മരിച്ച ഒൻപത് പേരുടെയും ഭൗതിക ശരീരങ്ങൾ വഹിച്ചുള്ള തമിഴ്നാട് ഹെൽത്ത് സർവീസിന്റെ ആംബുലൻസുകൾ സ്കൂളിന്റെ പടികടന്നു. അപ്പോഴേക്കും അന്തിമോപചാരമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ എന്നിവർ ഉൾപ്പെടെ നിരവധി പ്രമുഖർ പന്തലിൽ എത്തിയിരുന്നു. ചുട്ടുപൊള്ളുന്ന വെയിലിൽ ഒന്നരമണിക്കൂറോളം എടുത്താണ് പൊതുദർശനം പൂർത്തിയാക്കാനായത്.

മജീദ് മാസ്റ്ററും ഭാര്യ റൂഖിയയും പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിൽ സംസ്കരിക്കപ്പെട്ടു. അധ്യാപകരായ റംല, ഷക്കീല എന്നിവർക്ക് കൂടാതെ പാചക തൊഴിലാളി സാജിതയ്ക്കും പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. സുഹറയുടെയും മകൻ ഹിഷാമിന്റെയും ഖബറടക്കം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിൽ നടന്നു. അധ്യാപിക അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്തും ആശായുടെത് കൊളത്തൂർ തറവാട്ട് വീട്ടിലുമാണ് നടന്നത്.