Home Trending ഇൻസ്റ്റാഗ്രാമിലെ കുട്ടികളുടെ അശ്ലീല പരസ്യം: മെറ്റാ പ്രതിനിധികളെ അടിയന്തരമായി വിളിച്ചുവരുത്താൻ കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശം

ഇൻസ്റ്റാഗ്രാമിലെ കുട്ടികളുടെ അശ്ലീല പരസ്യം: മെറ്റാ പ്രതിനിധികളെ അടിയന്തരമായി വിളിച്ചുവരുത്താൻ കേന്ദ്ര മന്ത്രാലയത്തിന്റെ നിർദ്ദേശം

8
0

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന തരത്തിലുള്ള അശ്ലീല ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നു. പ്രമുഖ മാധ്യമമായ ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ, ഇൻസ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റായുടെ പ്രതിനിധികളെ നേരിട്ട് വിളിച്ചുവരുത്താൻ കേന്ദ്ര ഐടി മന്ത്രാലയം (MeitY) ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് മെറ്റയോട് അടിയന്തരമായി വിശദീകരണം തേടാൻ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെ ലക്ഷ്യമിട്ട് പണം നൽകി പ്രദർശിപ്പിച്ച പരസ്യങ്ങളിലാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയത്. ‘റേപ്പ് വീഡിയോ’, ‘ചൈൽഡ് വീഡിയോ’ തുടങ്ങിയ വാക്കുകൾ പരസ്യമായി ഉപയോഗിച്ചായിരുന്നു ഈ പ്രചാരണം.

ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഈ പരസ്യങ്ങൾ ക്ലിക്ക് ചെയ്യുന്ന ഉപയോക്താക്കളെ നേരെ എത്തിച്ചിരുന്നത് ടെലിഗ്രാം മെസ്സേജിങ് ആപ്പിലെ ചില പ്രത്യേക ചാനലുകളിലേക്കാണ്. വെറും 99 രൂപയ്ക്ക് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ലഭ്യമാക്കുമെന്നായിരുന്നു ഈ പരസ്യങ്ങളിലെ വാഗ്ദാനം. ടെലിഗ്രാം വഴിയാണ് ഇത്തരം നിയമവിരുദ്ധ ദൃശ്യങ്ങളുടെ വിൽപനയും സാമ്പത്തിക ഇടപാടുകളും നടന്നിരുന്നതെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വലിയ രീതിയിലുള്ള സുരക്ഷാ വീഴ്ചയാണ് സമൂഹമാധ്യമ ഭീമനായ മെറ്റായുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നാണ് ഈ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.