Home Accidents കള്ളാടി ഉരുൾപൊട്ടൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

കള്ളാടി ഉരുൾപൊട്ടൽ: ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു; മരണസംഖ്യ ഏഴായി

7
0

വയനാട് കള്ളാടിയിലുണ്ടായ മാരകമായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴിലേക്ക് ഉയർന്നു. ദുരന്തസ്ഥലത്ത് തുടരുന്ന നാലാം ദിവസത്തെ തെരച്ചിലിൽ മീനാക്ഷി പാലത്തിന് ഒരു കിലോമീറ്റർ താഴെ പുഴയിൽ നിന്നാണ് പുതിയൊരു മൃതദേഹം കൂടി കണ്ടെത്തിയത്. കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോണിലെ സർവേയറും ബംഗാൾ സ്വദേശിയുമായ രാഗേഷ് ഗുചെയ്തിന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹങ്ങൾ ലഭിച്ചിരുന്നു. അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിൽ കാണാതായ ഇനി ഒരാളെക്കൂടി കണ്ടെത്താനാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത്. മന്ത്രിമാരായ എ.പി. അനിൽകുമാർ, അഡ്വ. ടി. സിദ്ദീഖ് എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് നേതൃത്വം നൽകുന്നുണ്ട്.

പദ്ധതിയുടെ മേൽനോട്ട ചുമതല വഹിക്കുന്ന കൊങ്കൺ റെയിൽ കോർപറേഷനിലെ ഉദ്യോഗസ്ഥർ ഇന്ന് ദുരന്തബാധിത പ്രദേശം സന്ദർശിക്കും. അതേസമയം, അപകടത്തെക്കുറിച്ച് സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണ കാര്യത്തിൽ ഇതുവരെ പൂർണ്ണമായ വ്യക്തത വന്നിട്ടില്ല. ഇതിനായുള്ള വിദഗ്ധ സമിതിയെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.