Home kerala ചുവപ്പിന്റെ നാട്ടിൽ കറുത്ത വിവേചനം: നിതിൻ രാജിന്റെ മരണം കേരളത്തിന്റെ മനഃസാക്ഷിയോട് ചോദിക്കുന്നത്

ചുവപ്പിന്റെ നാട്ടിൽ കറുത്ത വിവേചനം: നിതിൻ രാജിന്റെ മരണം കേരളത്തിന്റെ മനഃസാക്ഷിയോട് ചോദിക്കുന്നത്

9
0

കണ്ണൂർ: ഒരു ഡോക്ടറാകണമെന്ന സ്വപ്നവുമായി തിരുവനന്തപുരത്തെ ഉഴമലയ്ക്കലിൽ നിന്ന് കണ്ണൂരിലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെത്തിയ നിതിൻ രാജിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല, മറിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇപ്പോഴും വേരോടി നിൽക്കുന്ന ജാതിവിവേചനത്തിന്റെയും ക്രൂരമായ മാനസിക പീഡനത്തിന്റെയും ഒടുവിലത്തെ ഇരയാണ്.

പെയിന്റിംഗ് തൊഴിലാളിയായ രാജന്റെയും ലതയുടെയും മകൻ നിതിൻ പട്ടിണിയോടും പരിമിത സാഹചര്യങ്ങളോടും പൊരുതിയാണ് നീറ്റ് പരീക്ഷ എഴുതി ബി.ഡി.എസിന് പ്രവേശനം നേടിയത്. എന്നാൽ ആ സ്വപ്നങ്ങൾക്ക് കോളേജ് ക്യാമ്പസിലെ ആദ്യവർഷത്തിൽ തന്നെ അന്ത്യമായി. കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് വീണ് നിതിൻ മരിക്കുമ്പോൾ അത് ഒരു നാടിനെയാകെ ഞെട്ടിച്ച വാർത്തയായി മാറി.

നിതിന്റെ മരണത്തിന് പിന്നാലെ പുറത്തുവന്ന ഓഡിയോ ക്ലിപ്പുകളും സഹപാഠികളുടെ വെളിപ്പെടുത്തലുകളും ഞെട്ടിപ്പിക്കുന്നതാണ്. നിതിന്റെ കറുത്ത നിറത്തെയും ദളിത് പശ്ചാത്തലത്തെയും അധ്യാപകർ ക്രൂരമായി പരിഹസിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. നീ ഈ വെയിലത്ത് നടന്ന് കറുത്തതാണോ അതോ ജനിച്ചപ്പോഴേ ഇങ്ങനെയാണോ എന്നതടക്കമുള്ള അധിക്ഷേപങ്ങൾ നിതിൻ നേരിടേണ്ടി വന്നു. അനാട്ടമി വിഭാഗം മേധാവിയടക്കമുള്ള അധ്യാപകർക്കെതിരെയാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. പരാതി നൽകാൻ പ്രിൻസിപ്പലിനെ കണ്ടാൽ അന്ന് രാത്രി സ്റ്റാഫ് റൂമിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തുന്നതായിരുന്നു പതിവെന്ന് നിതിൻ തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

സീനിയർ വിദ്യാർത്ഥികളിൽ നിന്ന് ക്രൂരമായ റാഗിംഗ് നിതിൻ നേരിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് അധ്യാപകരോട് പരാതിപ്പെട്ടപ്പോൾ സംരക്ഷണം നൽകുന്നതിന് പകരം അവനെ വീണ്ടും വേട്ടയാടുകയാണ് അധ്യാപകർ ചെയ്തത്. എന്റെ മകനെ അവർ കൊന്നതാണ് എന്ന് നിതിന്റെ പിതാവ് കണ്ണീരോടെ പറയുന്നു. ജാതി പറഞ്ഞ് അപമാനിച്ചും തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും അവർ അവന്റെ ആത്മവിശ്വാസം തകർത്തു എന്നും അദ്ദേഹം ആരോപിക്കുന്നു.

സംഭവം വിവാദമായതോടെ ആരോപണവിധേയരായ രണ്ട് അധ്യാപകരെ കോളേജ് മാനേജ്‌മെന്റ് സസ്പെൻഡ് ചെയ്തു. ചക്കരക്കൽ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിനും പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അക്ഷരമുറ്റങ്ങളിൽ ജാതിയും നിറവും നോക്കി വിദ്യാർത്ഥികളെ തരംതിരിക്കുന്ന അവസ്ഥ കേരളത്തിന് അപമാനമാണ്. രോഹിത് വെമുല മുതൽ നിതിൻ രാജ് വരെ നീളുന്ന ഈ പട്ടിക വിദ്യാലയങ്ങളിലെ സ്ഥാപനവൽകൃത കൊലപാതകങ്ങൾ അവസാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ്. പരീക്ഷയിൽ തോൽപ്പിക്കുമെന്ന ഭീഷണിയും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒരു വിദ്യാർത്ഥിയുടെ ജീവനെടുക്കുന്ന തലത്തിലേക്ക് വളരുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് നമ്മുടെ വിദ്യാഭ്യാസ സംസ്കാരം കൂടിയാണ്.